കൊച്ചി: തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് സിപിഐഎമ്മിൻ്റെ മേഖലാ റിപ്പോർട്ടിങ്ങിന് പിന്നാലെ പരാജയത്തിൽ രൂക്ഷവിമർശനുമായി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.
വെള്ളത്തിലെ മീൻ പോലെ ആയിരിക്കണം ജനങ്ങൾക്കിടയിലെ കമ്മ്യൂണിസ്റ്റുകാരെന്ന് മാവോയുടെ പ്രസിദ്ധമായ വാക്കുകളെ ഉദ്ധരിച്ചാണ് തോമസ് ഐസക്കിൻ്റെ വിമർശനം. അഹങ്കാരത്തോടെയും ദാർഷ്ട്യത്തോടെയുമുള്ള പെരുമാറ്റം ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റുന്നു. ഇത് പാർട്ടിയുടെ എല്ലാ തലങ്ങളിലും കാണാമെന്ന വിമർശനമാണ് ഐസക്ക് ഉന്നയിച്ചിരിക്കുന്നത്. ജനങ്ങളോട് എപ്പോഴും വിനയത്തോടെവേണം പെരുമാറാനെന്നും ഐസക്ക് ഫേസ്ബുക്ക് പോസ്റ്റിൽ ഓർമ്മിപ്പിക്കുന്നുണ്ട്.
രണ്ടാം ഭരണത്തിൽ ഉയർന്നുവന്ന അഴിമതികളെയും സാമ്പത്തിക ആരോപണങ്ങളെയും ഗൗരവത്തില്‍ കാണണമെന്നും ഐസക്കിൻ്റെ കുറിപ്പ് ഓർമ്മപ്പെടുത്തുന്നുണ്ട്. സഹകരണ ബാങ്കുകളുടെ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്നതിലുണ്ടായ ഉദാസീന മനോഭാവം പലയിടത്തും ഗൗരവമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. തട്ടിപ്പുകൾ പാർട്ടിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്. തദ്ദേശഭരണ തലങ്ങളിലും അഴിമതി വർദ്ധിക്കുന്നുണ്ടെന്ന് ഐസക്ക് ചൂണ്ടിക്കാണിക്കുന്നു.