റാന്നി: പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ ബിജു കൊല്ലപ്പെട്ട വിവരം അറിയിക്കാൻ പലരെയും ബന്ധപ്പെട്ടപ്പോൾ വിനയായി ഏപ്രിൽ ഫൂൾ. പമ്പാവേലി പിആർസി മലയിൽ ബിജുവിനെ ഏപ്രിൽ ഒന്ന് പുലർച്ചെ ഓണനയോടെയാണ് കാട്ടാന ആക്രമിച്ച് കൊല്ലുന്നത്. വിവരം അറിയിക്കാൻ അയൽവാസികളായ കുന്നുംപുറത്ത് ഷാജിയും ലിസിയും നാട്ടുകാരിൽ പലരെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പലരും കോൾ എടുത്തില്ല. മറ്റ് ചിലരാകട്ടെ ഏപ്രിൽ ഫൂളാക്കേണ്ട എന്നു പറഞ്ഞ് അപ്പോൾ തന്നെ കട്ട് ചെയ്യുകയും ചെയ്തു. പലരിൽനിന്നും ഈ അനുഭവമുണ്ടായെന്ന് ലിസി പറഞ്ഞു. ബിജുവിന്റെ മൃതദേഹത്തിനരികിൽ ഭീതിയോടെയും സങ്കടം സഹിക്കാതെയും നിന്നാണ് ഫോൺ വിളിച്ചുകൊണ്ടിരുന്നത്.
ആരെയും കുറ്റം പറയാനാകില്ലെങ്കിലും വിവരമറിയിച്ചപ്പോൾ വിശ്വസിക്കാതെ വന്നതോടെ വേദനയും സങ്കടവും കൂടി. പിന്നീട് വാട്‌സാപ്പിൽ ബിജു മരിച്ചുകിടക്കുന്ന ചിത്രങ്ങളയച്ചശേഷം ഫോണിൽ വിളിച്ചപ്പോഴാണ് പലരും കാര്യ ഗൗരവം മനസ്സിലാക്കി ഓടിയെത്തിയത്. ജനപ്രതിനിധികളും രാഷ്ട്രീയക്കാരും വൈദീകരും വിവിധ സംഘടനാ നേതാക്കളും എത്തിക്കൊണ്ടിരുന്നു. ജില്ലാ കളക്ടറെത്തിയശേഷം ആറരയോടെയാണ് മൃതദേഹം ഇവിടെനിന്ന് മാറ്റിയത്.
മന്ത്രി വീണാ ജോർജ്, ആന്റോ ആന്റണി എം.പി., പ്രമോദ് നാരായൺ എം.എൽ.എ., ജില്ലാ പോലീസ് മേധാവി വി.അജിത്ത് എന്നിവരടക്കം നിരവധിപേർ ബിജുവിന്റെ വീട്ടിലെത്തി. ആന തുമ്പിക്കൈയിലെടുത്ത് നിലത്തടിച്ച തരത്തിലുള്ള ക്ഷതങ്ങളാണ് ബിജുവിന്റെ ശരീരത്തിലുള്ളതെന്ന് വനപാലകർ പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ സ്ഥിരീകരിക്കാനാവൂ എന്നും അവർ പറഞ്ഞു.