Kerala
ഈ ദുരന്തമുഖത്തെങ്കിലും പി.ടി.തോമസിനോട് കത്തോലിക്കാസഭ മാപ്പുപറയുമോ? റിപ്പോർട്ട്
ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വന്തം ശവസംസ്‌കാരവും ആചാരപ്രകാരമുള്ള ശവഘോഷയാത്രയും കാണേണ്ടിവന്ന കോണ്‍ഗ്രസ് നേതാവും ഇടുക്കി എം.പിയും ആയിരുന്നു പി.ടി.തോമസ്. പ്രകൃതി സ്‌നേഹിയായ ആ നേതാവിനെ വയനാട്ടിലെ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓര്‍ക്കാതിരിക്കാന്‍ ആവില്ല.
ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്ക് എതിരേ 11 വര്‍ഷം മുമ്പായിരുന്നു കത്തോലിക്കാസഭയുടെ ആഭിമുഖ്യത്തില്‍ വ്യാപകമായി പ്രതിഷേധ സമരങ്ങള്‍ നടന്നത്. സഭയുടെ ചൊല്‍പ്പടിക്കു നില്‍ക്കാത്തതിന്റെ പേരില്‍ ഇടുക്കി എം.പി. ആയിരുന്ന പി.ടി.തോമസിനെതിരേ ഇടുക്കി മെത്രാനും സംഘവും പരസ്യമായി രംഗത്തുവന്നു. കോണ്‍ഗ്രസിലെ ഒരു വിഭാഗവും സഭയുടെ തിട്ടൂരങ്ങള്‍ക്കൊപ്പം നിന്നു. പി.ടി.തോമസിന്റെ നിലപാടുകളോടു യോജിപ്പുണ്ടായിരുന്ന പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും അദ്ദേഹത്തെ പരസ്യമായി പിന്തുണയ്ക്കാന്‍ ഭയമായിരുന്നു. സഭയുടെ പ്രതികാരം ഉണ്ടാകുമോ എന്നായിരുന്നു പേടി. പക്ഷേ പറവൂര്‍ എം.എല്‍.എയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ വി.ഡി.സതീശന്‍ ഇടുക്കി ബിഷപ്പിന്റെ നിലപാടിനെതിരേ പരസ്യനിലപാടു സ്വീകരിക്കുകയും പി.ടിയെ പിന്തുണയ്ക്കുകയും ചെയ്തു.
പി.ടിയോടുള്ള വിയോജിപ്പിന്റെ ഭാഗമായി സിറോ മലബാര്‍ സഭയിലെ വൈദികര്‍ പങ്കെടുത്ത പ്രതീകാത്മക ശവഘോഷയാത്ര ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്നു. സഭയുടെ ഒത്താശയോടെ സംഘടിപ്പിച്ച ഈ പ്രതിഷേധത്തിൽ പി.ടിയുടെ ശവപ്പെട്ടി ഏന്തി നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ധാരാളം വൈദികരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ശവഘോഷയാത്രയില്‍ സിറോ മലബാര്‍ വിശ്വാസികള്‍ സാധാരണ പാടുന്ന ‘മരണം വരുമൊരുനാള്‍ ഓര്‍ക്കുക മര്‍ത്യാ നീ, കൂടെപ്പോരും നിന്‍ ജീവിത ചെയ്തികളും’ എന്ന പാട്ടും ആ വിലാപയാത്രകളില്‍ മുഴങ്ങിക്കേട്ടു. പി.ടി.തോമസിന്റെ അടുത്ത ബന്ധുക്കളുടെ വീടുകളുടെ മുന്നിലൂടെയായിരുന്നു ഈ ‘ആചാരയാത്ര’കള്‍.