പിഎസ്‌സി കോഴ വിവാദത്തിന്റെ പേരില്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രമോദ് കോട്ടൂളി. കൃത്യമായി തയ്യാറാക്കിയ തിരക്കഥയുടെ പുറത്താണ് പാര്‍ട്ടി നടപടിയുണ്ടായിരിക്കുന്നത്. ഈ തിരക്കഥ സിപിഎമ്മിനുള്ളില്‍ നിന്നാണോ പുറത്തു നിന്നാണോ എന്ന് അറിയില്ല. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തു കൊണ്ടുവരണം. അതിനായുള്ള ശ്രമം നടത്തുമെന്നും പ്രമോദ് പ്രതികരിച്ചു.
വിവാദങ്ങളില്‍ പാര്‍ട്ടി ഒരു പരിശോധനയും നടത്തിയിട്ടില്ല. ഒരു അന്വേഷണ കമ്മീഷനും വിഷയം പരിശോധിച്ചില്ല. നിഗമനങ്ങളുടെ പുറത്താണ് നടപടി ഉണ്ടായിരിക്കുന്നത്. പ്രമോദ് പണം വാങ്ങിയിട്ടില്ലെന്ന് പരാതിക്കാരനായ ശ്രീജിത്ത് തന്നെ പറഞ്ഞിട്ടുണ്ട്. പണം വാങ്ങിയെന്ന് പരാതി ഓരിടത്തും നല്‍കിയിട്ടില്ലെന്നും പറയുന്നുണ്ട്. ഇത്തരം ഒരു വ്യാജ വാര്‍ത്ത നിര്‍മ്മിച്ചത് ആര് എന്നെങ്കിലും പാര്‍ട്ടി അന്വേഷിക്കണമായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പ്രമോദ് പറഞ്ഞു.
ശ്രീജിത്തിന് ചില കാര്യങ്ങളില്‍ സമ്മര്‍ദ്ദം ഉണ്ടായി. അത് ആരുടെ ഭാഗത്ത് നിന്നാണെന്നും ഈ വിഷയത്തില്‍ ഇടപെടലുകള്‍ നടത്തിയവര്‍ ആരൊക്കെയാണെന്നും ശ്രീജിത്ത് തുറന്ന് പറഞ്ഞിട്ടുണ്ട്. ഈ കാര്യങ്ങള്‍ പറയേണ്ടയിടത്ത് കൃത്യമായി പറയും. കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തി പാര്‍ട്ടിക്ക് പരാതി നല്‍കും. പുറത്താക്കിയ കാര്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്്. ഇത് പാര്‍ട്ടിയുടെ രീതി അല്ലെന്നും പ്രമോദ് പറഞ്ഞു.