പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പിവി അന്‍വര്‍ ഉന്നയിച്ച ഗുരുതരമായ ഒരു ആരോപണവും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതുസംബന്ധിച്ച് ഒരു പരാതിയും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്കി.
പ്രതിപക്ഷത്തു നിന്നും അന്‍വര്‍ സാദത്ത്, എം വിന്‍സെന്റ്, കെകെ രമ എന്നിവരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ ഈ മറുപടി. ഭരണകക്ഷി എംഎല്‍എ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? പ്രസ്തുത ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ടോ? അന്വേഷണം നടത്തിയില്ലെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കാമോ? ആരോപണങ്ങളില്‍ വസ്തുതാപരമല്ലെങ്കില്‍ ആരോപണം ഉന്നയിച്ച വ്യക്തിക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്? ഇത്രയും ചോദ്യങ്ങളാണ് ഉന്നയിച്ചത്. ഇതിനെല്ലാം നല്‍കിയിരിക്കുന്ന ഉത്തരം, ഇത്തരം ഒരു പരാതി സര്‍ക്കാരില്‍ ലഭിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു.