India

നിങ്ങളെ തിരിച്ചറിയാത്തവര്‍ ഇപ്പോള്‍ തിരിച്ചറിയുന്നു; രാഹുലിന്റെ സഹോദരിയായതില്‍ അഭിമാനിക്കുന്നു; വൈകാരിക കുറിപ്പുമായി പ്രിയങ്ക

Posted on

ന്യൂഡല്‍ഹി: റായ്ബറേലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ വന്‍ വിജയത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി പ്രിയങ്ക ഗാന്ധി. രാഹുലിന്റെ സഹോദരിയായതില്‍ അഭിമാനിക്കുന്നു. നുണപ്രചാരണത്തിനിടയിലും രാഹുല്‍ സത്യത്തിനായി പോരാടിയെന്ന് പ്രിയങ്ക പറഞ്ഞു. ഉത്തര്‍പ്രദേശിലെ പാര്‍ട്ടിയുടെ വിജയത്തില്‍ സഹോദരിയുടെ പ്രവര്‍ത്തനം നിര്‍ണായകമായെന്ന് രാഹുലിന്റെ പ്രതികരണത്തിന് പിന്നാലെയാണ് പ്രിയങ്കയുടെ കുറിപ്പ്.

‘എന്തൊക്കെ തടസങ്ങള്‍ ഉണ്ടായിട്ടും നീ പിന്‍മാറിയില്ല, അവര്‍ നടത്തിയ നുണപ്രചാരണങ്ങള്‍ക്കിടയിലും സത്യത്തിനായി പോരാടി. വെറുപ്പ് സമ്മാനിക്കുമ്പോഴും നിങ്ങളുടെ ഹൃദയത്തില്‍ സ്‌നേഹവും ദയയുമായിരുന്നു. നിങ്ങളെ തിരിച്ചറിയാത്തവര്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. നിങ്ങളുടെ സഹോദരിയായതില്‍ അഭിമാനിക്കുന്നു’- പ്രിയങ്ക സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും രാഹുലിന്റെയും നേതൃത്വത്തില്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റമാണ് നടത്തിയത്. 2019ല്‍ 52 സീറ്റുകളില്‍ ഒതുങ്ങിയ കോണ്‍ഗ്രസ് ഇത്തവണ അത് 99 ആക്കി ഉയര്‍ത്തി. എല്ലാ എക്‌സിറ്റ് പോളുകളുടെ കണക്കുകളെയും തെറ്റിച്ച് 232 സീറ്റുകളാണ് ഇന്ത്യ സഖ്യം നേടിയത്.

രാഹുല്‍ നയിച്ച ഭാരത് ജോഡോ യാത്രയാണ് കോണ്‍ഗ്രസിന്റെ വിജയത്തിന് സഹായകമായതെന്ന് ഖാര്‍ഗെ പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ പ്രചാരണവും വിജയത്തില്‍ നിര്‍ണായകമായി. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലും അമേഠിയിലും പ്രചാരണത്തിന് നേതൃത്വം നല്‍കിയത് പ്രിയങ്കയായിരുന്നു. റായ്ബറേലിയില്‍ ഉജ്ജ്വലവിജയമാണ് രാഹുല്‍ നേടിയത്. അമേഠി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്ന് കോണ്‍ഗ്രസ് തിരിച്ചുപിടിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version