Kerala
ദുഃഖാചരണം കണക്കിലെടുക്കാതെ മൃഗസംരക്ഷണ വകുപ്പ്;നൂറ്പേർ പങ്കെടുത്ത് പരിപാടി
തിരുവനന്തപുരം: എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ സംസ്ഥാനത്തിന്റെ ദുഃഖാചരണത്തെ കണക്കിലെടുക്കാതെ പരിപാടി സംഘടിപ്പിച്ച് മൃഗസംരക്ഷണ വകുപ്പ്. നൂറോളം പേരെ പങ്കെടുപ്പിച്ച് വകുപ്പ് പരിശീലന പരിപാടി സംഘടിപ്പിച്ചു. ഡയറക്ടറുടെ ചുമതലയുള്ള അഡീഷണല്‍ ഡയറക്ടര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. പരിപാടി മാറ്റിവെക്കണമെന്ന വകുപ്പ് മന്ത്രി ചിഞ്ചുറാണിയുടെ നിര്‍ദേശം ലംഘിച്ചാണ് നടപടി.
രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് എം ടിയുടെ വിയോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരംപേരൂര്‍ക്കട ലൈവ് സ്റ്റോക്ക് ട്രേഡിംഗ് സെന്ററില്‍ ഫാമുകളിലെ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുന്ന പരിപാടി നേരത്തെ തീരുമാനിച്ചിരുന്നു. ആ പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ജെ ചിഞ്ചുറാണിയായിരുന്നു.
ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് മന്ത്രി അറിയിച്ചിരുന്നു. തുടര്‍ന്ന് മന്ത്രിയെ പങ്കെടുപ്പിക്കാതെ പരിപാടി സംഘടിപ്പിക്കുകയായിരുന്നു.