സിയോൾ: വാർത്താസമ്മേളനത്തിനിടെ കഴുത്തിൽ കുത്തേറ്റ് ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവ് ഗുരുതരാവസ്ഥയിൽ. പ്രതിപക്ഷ പർട്ടിയായ ഡെമോക്രാറ്റിക് പാർട്ടി ഓഫ് കൊറിയ തലവൻ ലീ ജേ മ്യൂങ്ങിനാണു കുത്തേറ്റത്. കൊറിയൻ തുറമുഖ നഗരമായ ബൂസാനിൽ വച്ചു നടന്ന വാർത്താസമ്മേളനത്തിനിടെയാണ് ആക്രമണം. സംഭവസ്ഥലത്തുവച്ചു തന്നെ അക്രമിയെ അറസ്റ്റ് ചെയ്തിരുന്നു.
പ്രാദേശിക സമയം ഇന്നു രാവിലെയായിരുന്നു സംഭവം. ബൂസാനിലെ നിർദിഷ്ട വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലത്ത് നടത്തിയ സന്ദർശനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലീ. ഇതിനിടെ അനുയായിയെന്ന വ്യാജേന ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടാണ് അക്രമി എത്തിയത്. തുടർന്ന് കൈയിൽ കരുതിയിരുന്ന ആയുധം കൊണ്ട് കഴുത്തിൽ കുത്തുകയായിരുന്നു. രക്തംവാർന്നു നിലത്തു വീണ ലീ മ്യൂങ്ങിനെ മിനിറ്റുകളെടുത്താണ് ആശുപത്രിയിലെത്തിച്ചത്. കഴുത്തിന്റെ ഇടത്തേ ഭാഗത്ത് ഒരു സെന്റി മീറ്റർ ആഴത്തിൽ മുറിവുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.