ഗിരീഷ് എ ഡിയുടെ സംവിധാനത്തില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം ‘പ്രേമലു’ അമ്പത് ദിവസം പൂര്‍ത്തിയാകുമ്പോള്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്. തിയേറ്ററിൽ വിജയകരമായി പ്രദര്‍ശനം തുടരുന്ന പ്രേമലു കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനണ് കേരളത്തില്‍ 140 സെന്ററുകളില്‍ റിലീസിനെത്തിയത്.
എല്ലാ റിലീസ് കേന്ദ്രങ്ങളിലും ചിത്രം അമ്പതാം ദിവസം പിന്നിട്ടു. പോസ്റ്റ് കൊവിഡ് കാലത്ത് ഒരു സിനിമ തിയേറ്ററിൽ ഇത്രയും ദിവസം ഓടുന്നത് സിനിമാ രംഗം അത്ഭുതത്തോടെ ആണ് നോക്കി കാണുന്നത്. കേരളത്തില്‍ സിനിമ റിലീസ് ചെയ്ത 140 സെന്ററുകളില്‍ നിന്ന് അമ്പതാം ദിവസം 144 സെന്ററുകളിലേക്ക് ഉയര്‍ന്നിരിക്കുന്നു എന്നതും മലയാള സിനിമയിൽ അപൂർവം നടക്കുന്നതാണ്. വന്‍ ജനപങ്കാളിത്തത്തോടെയാണ് സിനിമ വിജയകരമായി ജൈത്രയാത്ര തുടരുന്നത്.
മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബാഹുബലി, ആര്‍ആര്‍ആര്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ എസ് എസ് രാജമൗലിയുടെ മകന്‍ എസ് എസ് കാര്‍ത്തികേയയുടെ ഉടമസ്ഥതയിലുള്ള ഷോയിംഗ് ബിസിനസ് എന്ന വിതരണ കമ്പനിയാണ് പ്രേമലുവിന്റെ തെലുങ്ക് റൈറ്റ്സ് സ്വന്തമാക്കിയിരുന്നത്. ഡിഎംകെ നേതാവും അഭിനേതാവും നിര്‍മ്മാതാവുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസാണ് പ്രേമലുവിന്റെ തമിഴ് തിയേറ്ററിക്കല്‍ റിലീസ് റൈറ്റ്സ് സ്വന്തമാക്കിയത്.