യു.പ്രതിഭ എംഎല്‍എയ്ക്ക് പിന്തുണ അറിയിച്ച് ബിജെപി നേതാവ് ബിപിന്‍ സി.ബാബു. കുഞ്ഞുങ്ങളുടെ കയ്യിൽ നിന്ന് തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തന്നെ ഒരു അമ്മ എന്ന നിലയിൽ അവരുടെ വികാരത്തെ മാനിക്കണമായിരുന്നുവെന്നാണ് ബിപിൻ സി ബാബുവിൻ്റെ പരാമർശം. യു പ്രതിഭ വിശ്വസിക്കുന്ന പ്രസ്ഥാനവും യാതൊരു രീതിയിലും അവർക്ക് പിന്തുണ നൽകിയില്ലെന്നും പോസ്റ്റിൽ പറയുന്നുണ്ട്. അവരെ വളഞ്ഞിട്ട് ആക്രമിച്ച രീതി തികച്ചും അപലപനീയം ആണെന്നും ബിപിൻ സി ബാബു കുറിപ്പിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ബിപിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയമുള്ളവരേ, രണ്ട് ദിവസം ആയി ദൃശ്യ മാധ്യമങ്ങളില്‍ കൂടെ ഒരു അമ്മയെയും മകനെയും തേജോവധം ചെയ്തു കൊണ്ടിരിക്കുകയാണ്. ഒന്‍പത് കുട്ടികളുടെ ഭാവി ആണ് ഇതില്‍ കൂടെ നിങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ആ കുഞ്ഞുങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും മാനസികാവസ്ഥ എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ ? കുഞ്ഞുങ്ങളുടെ കയ്യില്‍നിന്ന് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടേല്‍ തന്നെ ഒരു അമ്മ എന്ന നിലയില്‍ അവരുടെ വികാരത്തെ മാനിക്കണമായിരുന്നു.
അവര്‍ വിശ്വസിക്കുന്ന പ്രസ്ഥാനവും യാതൊരു രീതിയിലും അവര്‍ക്ക് പിന്തുണ നല്‍കിയില്ല. അവരെ വളഞ്ഞിട്ട് ആക്രമിച്ച രീതി തികച്ചും അപലപനീയമാണ്. എന്തെങ്കിലും സാഹചര്യത്തില്‍ അവരില്‍ തെറ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തി അവരെ നല്ലതിലേക്ക് നയിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. നാളെയുടെ വാഗ്ദാനങ്ങള്‍ ആണ് അവര്‍. ഇങ്ങനെ ഒരു സാഹചര്യത്തില്‍ കൂടെ നില്‍ക്കേണ്ടവര്‍ പോലും കൂടെ നിന്നില്ല. നാളെയെ കുറിച്ച് ചിന്തിക്കുന്ന ദേശിയതയിലേക്ക് ഞാന്‍ പ്രിയപ്പെട്ട എംഎല്‍എയെ സ്വാഗതം ചെയ്യുന്നു.