Kerala
തൃശൂരില്‍ ആര് മത്സരിച്ചാലും പൂര്‍ണ പിന്തുണ നല്‍കും, ചുവരെഴുതിയും പോസ്റ്റര്‍ ഒട്ടിച്ചതും സ്വാഭാവികം; ടിഎന്‍ പ്രതാപന്‍
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞടുപ്പിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സ്ഥാനാര്‍ഥി പട്ടിക അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് ടിഎന്‍ പ്രതാപന്‍ എംപി. പാര്‍ട്ടി ആവശ്യപ്പെട്ടൽ മത്സരിക്കുമെന്നും മാറിനില്‍ക്കാന്‍ പറഞ്ഞാൽ അതും ചെയ്യുമെന്ന് പ്രതാപന്‍ പറഞ്ഞു. കോണ്‍ഗ്രസ് തന്റെ ജീവനാണെന്നും തന്നെ ഇന്ത്യയറിയുന്ന രാഷ്ട്രീയക്കാരനായി മാറ്റിയത് പാര്‍ട്ടിയാണെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ഥാനാര്‍ഥിയെ സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇന്ന് ചേരുന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിന് ശേഷമാവും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളാരാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നെയുള്ളു. ബാക്കിയുള്ള വാര്‍ത്തകളെല്ലാം മാധ്യമസൃഷ്ടിയാണെന്നും പ്രതാപന്‍ പറഞ്ഞു.
തൃശൂരില്‍ ആര് മത്സരിച്ചാലും പൂര്‍ണ പിന്തുണ നല്‍കും. ചുവരെഴുതിയും പോസ്റ്റര്‍ ഒട്ടിച്ചതും സ്വാഭാവികം കെ മുരളീധരന്‍ തലയെടുപ്പുള്ള നേതാവാണെന്നും മികച്ച ലീഡറാണെന്നും ഓപ്പറേഷന്‍ താമര വിജയിക്കില്ലെന്നും പ്രതാപന്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ഥിപ്പട്ടികയില്‍ വലിയ സര്‍പ്രൈസ് ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും വിഡി സതീശനും പറഞ്ഞു.സ്ഥാനാര്‍ഥി പട്ടികയില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും.
തൃശൂരില്‍ ടി എന്‍ പ്രതാപനു പകരം കെ മുരളീധരനെ മത്സരിപ്പിക്കാനാണ് തീരുമാനം. വടകരയില്‍ ഷാഫി പറമ്പിലിനെയും ആലപ്പുഴയില്‍ കെസി വേണുഗോപാലും സ്ഥാനാര്‍ഥികളാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ സുധാകരനും വീണ്ടും മത്സരിക്കും. മറ്റു മണ്ഡലങ്ങളിലും സിറ്റിങ് എംപിമാരെ നിലനിര്‍ത്തും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍, രേവന്ത് റെഡ്ഡി എന്നിവര്‍ പങ്കെടുത്തു. ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുല്‍ ഓണ്‍ലൈനിലൂടെയാണ് യോഗത്തില്‍ പങ്കെടുക്കുത്തത്.
കേരളം, തെലങ്കാന, കര്‍ണാടക, ഛത്തിസ്ഗഡ്, ഡല്‍ഹി, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ സീറ്റുകള്‍ സംബന്ധിച്ചാണ് ചര്‍ച്ച നടന്നത്. മുന്‍ധനമന്ത്രി ചിദംബരത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയുടെ കരട് ഖര്‍ഗെയ്ക്ക് കൈമാറി. ഇതില്‍ സിഇസി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം 195 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ബിജെപി ശനിയാഴ്ച പുറത്തിറക്കിയിരുന്നു.