എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയെ തുടര്‍ന്നുളള പ്രതിഷേധങ്ങള്‍ ഭയന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ വീടിന് സിപിഎം സംരക്ഷണം. പ്രതിപക്ഷ യുവജന സംഘടനകൾ പിപി ദിവ്യയുടെ വീട്ടിലേക്ക് പ്രകടനം നടത്തുകയാണ്. ഇതിനെ പ്രതിരോധിക്കാനാണ് വീടിന് മുന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ അണിനിരന്നത്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ വീടിന് മുന്നിലും റോഡില്‍ സിപിഎം പ്രവര്‍ത്തകരുമാണ് സംരക്ഷണം ഒരുക്കുന്നത്.
പോലീസ് സംരക്ഷണത്തിന് പുറമേയാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഈ പ്രത്യേക സംരക്ഷണം. ദിവ്യയുടെ വീട്ടിലേക്കുള്ള മാര്‍ച്ചുകള്‍ പ്രധാന റോഡില്‍ തന്നെ പോലീസ് തടയുകയാണ് ചെയ്യുന്നത്. ഇതിനായി ബാരിക്കേഡ് സ്ഥാപിച്ച് വന്‍ പോലീസ് സന്നാഹം തന്നെ എത്തിയിട്ടുണ്ട്. ആദ്യം മാര്‍ച്ച് നടത്തിയത് യുവമോര്‍ച്ച പ്രവര്‍ത്തകരായിരുന്നു. ഇവരെ പോലീസ് തടഞ്ഞു. പിന്നാലെ യൂത്ത്‌കോണ്‍ഗ്രസും പ്രതിഷേധവുമായെത്തി.
ദിവ്യയുടെ വീടിന് സംരക്ഷണം കൊടുത്ത സിപിഎം നടപടിയില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസമാണ് ഉയരുന്നത്. പിണറായിയുടെ പോലീസിനെ പാര്‍ട്ടിക്കാര്‍ക്കും വിശ്വാസമില്ലേയെന്ന ചോദ്യമാണ് ഉയരുന്നത്. പോലീസിന് പ്രതിഷേധക്കാരെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിനാണോ പാര്‍ട്ടിക്കാര്‍ ഇറങ്ങിയതെന്ന ചോദ്യവും ഉയരുന്നുണ്ട്.