പോർട്ട് ബ്ലെയറിൻ്റെ പേര് മാറ്റി കേന്ദ്ര സർക്കാർ. കേന്ദ്ര ഭരണ പ്രദേശമായ ആൻഡമാൻ നിക്കോബർ ദീപുകളുടെ തലസ്ഥാന നഗരത്തിന് ‘ശ്രീ വിജയ പുരം’ എന്നാണ് പുനർനാമകരണം ചെയ്തിരിക്കുന്നത്. രാജ്യത്തിൻ്റെ സ്വാതന്ത്ര്യ സമരത്തിൽ നേടിയ വിജയത്തെയും ദ്വീപുകളുടെ അതുല്യമായ പങ്കിനെയും ‘ശ്രീ വിജയ പുരം’ പ്രതിനിധീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്തി അമിത് ഷാ എക്സിൽ കുറിച്ചു.
ഒരുകാലത്ത് ചോള സാമ്രാജ്യത്തിൻ്റെ നാവിക താവളമായിരുന്നു ദ്വീപ് പ്രദേശം. ഇന്നത് രാജ്യത്തിൻ്റെ തന്ത്രപരവും വികസനവുമായ സ്വപ്നങ്ങൾക്ക് നിർണായക അടിത്തറയായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യയുടെ മണ്ണിൽ ആദ്യമായി ത്രിവർണ പതാക ഉയർത്തിയത് ഇവിടെയാണ്. സ്വാതന്ത്ര്യത്തിനായി പോരാടിയ വീർ സവർക്കറെയും ഒട്ടനവധി സ്വാതന്ത്ര്യ സമര സേനാനികളെയും പാർപ്പിച്ച സെല്ലുലാർ ജയിലും ഇവിടെയാ എന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
ആൻഡമാനിലെ മൂന്ന് ദ്വീപുകളുടെ പേര് നേരത്തേ മാറ്റിയിരുന്നു. റോസ് ദ്വീപ്, നീൽ ദ്വീപ്, ഹാവ്ലോക്ക് എന്നീ ദ്വീപുകളുടെ പേരുകളാണ് മാറ്റിയത്. റോസ് ദ്വീപിന്റെ പേര് നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപെന്നും നീൽ ദ്വീപിന്റെ പേര് ഷഹീദ് ദ്വീപെന്നുമാണ് പുനർനാമകരണം ചെയ്തത്. സ്വരാജ് ദ്വീപെന്നായിരുന്നു ഹാവ്ലോക്ക് ദ്വീപിൻ്റെ പേര് മാറ്റിയത്.