India

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് കുറ്റകരം; സുപ്രധാന വിധിയുമായി സുപ്രീംകോടതി

Posted on

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും സൂക്ഷിക്കുന്നതും കുറ്റകരമെന്ന് സുപ്രീംകോടതി. വീഡിയോ ഡൗണ്‍ലോഡ് ചെയ്യുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത് പോക്‌സോ നിയമപ്രകാരവും വിവരസാങ്കേതിക നിയമപ്രകാരവും കുറ്റകരമല്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി. ഇതിനെതിരെ ജസ്റ്റ് റൈറ്റ്സ് ഫോര്‍ ചില്‍ഡ്രന്‍ അലയന്‍സ്, ഡല്‍ഹിയിലെ ബച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്നീ സര്‍ക്കാര്‍ ഇതര സംഘടനകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. മദ്രാസ് ഹൈക്കോടതിയുടെ വിധിയില്‍ വലിയ പിഴവുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വിചാരണ കോടതി വിഷയം വീണ്ടും പരിശോധിച്ച് തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ദുരുദ്ദേശമുണ്ടോയെന്ന് പരിശോധിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. പോക്സോ നിയമത്തില്‍ പാര്‍ലമെന്റ് ഭേദഗതി വരുത്തണം. ചൈല്‍ഡ് പോണോഗ്രഫിയില്‍ പാര്‍ലമെന്റ് പുതിയ നിര്‍വചനം നല്‍കണം. കുട്ടികളുടെ അശ്ലീലത, ലൈംഗിക ചൂഷണം എന്നിവയില്‍ പുതിയ നിര്‍വചനം വേണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

കുട്ടികളുടെ അശ്ലീ ചിത്രങ്ങള്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്തതിന് എസ് ഹരീഷെന്ന 28കാരനെതിരായ കേസ് ഇക്കഴിഞ്ഞ ജനുവരി 11 ന് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹര്‍ജിക്കാരന് അശ്ലീല ദൃശ്യങ്ങള്‍ കാണാനുള്ള ആസക്തിയുണ്ടെങ്കില്‍ കൗണ്‍സിലിംഗ് നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ആണ്‍കുട്ടികള്‍ ഉള്‍പ്പെട്ട രണ്ട് വീഡിയോകള്‍ ഹര്‍ജിക്കാരന്റെ കൈവശമുണ്ടായിരുന്നു. എന്നാല്‍ ഇയാള്‍ ഇത് കൈമാറുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല. വീഡിയോ കാണുന്നത് അയാളുടെ സ്വകാര്യതയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെയാണ്
ജസ്റ്റ് റൈറ്റ്സ് ഫോര്‍ ചില്‍ഡ്രന്‍ അലയന്‍സും ബച്പന്‍ ബച്ചാവോ ആന്ദോളനും സുപ്രീംകോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version