വത്തിക്കാൻ സിറ്റി: അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയെ അവസാനമായി ഒരുനോക്ക് കാണാൻ ലോകമെമ്പാടും നിന്ന് ജനപ്രവാഹം ഒഴുകിയെത്തിയതോടെ വത്തിക്കാൻ കണ്ണീർ കടലായ അവസ്ഥയിലാണ്.

സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തി ഇന്നും അന്ത്യാഞ്ജലി അർപ്പിച്ചത് ആയിരങ്ങളാണ്. മാർപാപ്പയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ വത്തിക്കാനില്‍ വിശ്വാസികളുടെ നീണ്ട നിരയാണ് ഇപ്പോഴുമുള്ളത്. സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ പൊതുദർശനം രാത്രി പത്തരവരെയാണ് നിശ്ചയിച്ചിട്ടുള്ളത്.

ഇന്ത്യയുടെ ദുഃഖം അറിയിക്കാനായി അന്തിമോപചാരം അർപ്പിക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമു വത്തിക്കാനിലെത്തി. കേരളത്തില്‍ നിന്നും മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും അന്തിമോപചാരം അർപ്പിക്കാനായി വത്തിക്കാനിലെത്തിയിട്ടുണ്ട്. സംസ്കാര ശുശ്രൂഷകള്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നര മുതലാണ് തീരുമാനിച്ചിട്ടുള്ളത്. മാർപാപ്പയുടെ സംസ്കാരം നടക്കുന്ന ശനിയാഴ്ച ഇന്ത്യയിലും ഔദ്യോഗിക ദുഃഖാചരണമായിരിക്കും. ഇന്ത്യൻ സമയം ശനിയാഴ്ച ഉച്ചക്ക് ഒന്നരക്ക് വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജർ ബസലിക്കയിലാണ് ചടങ്ങുകള്‍ നടത്തുക. ലോക രാഷ്ട്ര തലവൻമാർ ഉള്‍പ്പെടെയുള്ളവർ ചടങ്ങില്‍ പങ്കെടുക്കും.

