Kerala
കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് പൂരത്തിന്‍റെ ശോഭ കെടുത്തി; കെ മുരളീധരന്‍
തൃശൂര്‍: കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് പൂരത്തിന്‍റെ ശോഭ കെടുത്തിയെന്ന് തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. കുടമാറ്റംവരെ ഭംഗിയായി നടന്ന തൃശൂര്‍ പൂരം പൊലീസിന്റെ ധിക്കാരപരമായ സമീപനത്തെത്തുടര്‍ന്നാണ് നിര്‍ത്തിവെക്കേണ്ടിവന്നതെന്ന് മുരളീധരന്‍ പറഞ്ഞു.
രാത്രി നടക്കേണ്ടിയിരുന്ന തൃശൂര്‍ പൂരം വെടിക്കെട്ട് നിര്‍ത്തിവയ്ക്കുകയും, പിന്നീട് രാവിലെ നടത്തേണ്ടി വരികയും ചെയ്ത പശ്ചാത്തലത്തിലാണ് മുരളീധരന്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. പൊലീസിന്റേത് ഏകാധിപത്യ പ്രവണതയാണെന്നും പൊലീസിനെ നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടവും സംസ്ഥാന ഭരണകൂടവും ഇല്ലേയെന്നും മുരളീധരന്‍ ചോദിച്ചു. പതിനൊന്ന് മണിക്ക് തുടങ്ങിയ അനിശ്ചിതത്വം പരിഹരിച്ചത് കാലത്ത് ആറ് മണിക്കാണ്. ഇത്രയും സമയം മന്ത്രി എന്ത് ചെയ്തുവെന്നും മുരളീധരന്‍ ചോദിച്ചു.
പൂരം കുളമാക്കിയതില്‍ കേന്ദ്രത്തിന്നും പങ്കുണ്ട്, കേന്ദ്ര നിയമങ്ങളും വെടിക്കെട്ടിനെ ബുദ്ധിമുട്ടിച്ചെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. ഓരോ കാലങ്ങളിലും കൊണ്ടുവരുന്ന ഓരോ നിയമങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. അതിനൊപ്പം സംസ്ഥാനവും ചേര്‍ന്നു. ഇപ്പോള്‍ നല്ലൊരു ദേശീയോത്സവം കുളമാക്കി, ജനങ്ങള്‍ ആത്മസംയമനം പാലിച്ചു. പകലന്തിയോളം വെള്ളം കോരിയിട്ട് കുടമുടച്ചു. ഇത് ദൗര്‍ഭാഗ്യകരമായി. സംഭവത്തില്‍ വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.