തൃശൂര്‍: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് ഡിജിപിക്ക് എഡിജിപി എം ആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. റിപ്പോര്‍ട്ട് തട്ടിക്കൂട്ടാണെന്നും എഡിജിപി രംഗത്ത് ഉള്ളപ്പോള്‍ എസ്പിക്ക് എങ്ങനെ പൂരം നിയന്ത്രിക്കാനാകുമെന്നും പംക്തിയില്‍ ചോദിക്കുന്നു. ആക്ഷേപഹാസ്യ പംക്തിയില്‍ ‘അജിത് കുമാറും ഓടുന്ന കുതിരയും’ എന്ന പേരിലുള്ള കുറിപ്പിലൂടെയാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
പൂരം കലക്കിയത് അജിത് കുമാറാണെന്ന് പൂരത്തിന്റെ സമയത്തുള്ള വീഡിയോ ഉദ്ധരിച്ച് കുറിപ്പില്‍ പരാമര്‍ശിക്കുന്നു. ‘ആരും പൂരം കലക്കിയിട്ടില്ലെങ്കിലും പൂരം കലങ്ങിയെന്നാണ് റിപ്പോര്‍ട്ട്. കലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴിപോലെയാണത്രെ പൂരമെന്നാണ് അജിത് തമ്പുരാന്റെ കണ്ടുപിടിത്തം. പൂരം കലക്കല്‍ വേളയിലെ ഒരു ചിത്രം പുറത്തു വന്നിട്ടുണ്ട്. പൂര പരിപാടികള്‍ നിയന്ത്രിക്കുന്നത് ഇയാളാണെന്ന് ചിത്രത്തില്‍ നിന്ന് വ്യക്തമാണ്. പൂരം എങ്ങനെ ഭംഗിയാക്കാമെന്നതിന് പകരം എങ്ങനെ കുളമാക്കാം, പൂരം കലക്കി എങ്ങനെ സുരേഷ് ഗോപിയെ ജയിപ്പിക്കാമെന്ന ഗൂഢാലോചനയിലെ ഓരോ നീക്കവും അജിത് കുമാര്‍ നടത്തുന്നത് ആ വീഡിയോയില്‍ കാണാം,’ പംക്തിയില്‍ പറയുന്നു.
പൂരം കലക്കിയതിന് ചുക്കാന്‍ പിടിച്ച അജിത് കുമാര്‍ തന്നെ കലക്കല്‍ അന്വേഷണം നടത്തിയാല്‍ താന്‍ കലക്കിയില്ല എന്ന റിപ്പോര്‍ട്ടല്ലാതെ നല്‍കാനാവുമോയെന്നും ജനയുഗം ചോദിക്കുന്നു. നാണംകെട്ട റിപ്പോര്‍ട്ട് തയാറാക്കി അജിത് കുമാര്‍ സ്വയം കുറ്റ വിമുക്തനാകുന്നു എന്നും പംക്തിയില്‍ പരിഹസിച്ചു.