കേന്ദ്ര നിലപാട് വൈകുന്നതിനാൽ തൃശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ. വെടിക്കെട്ട് സംബന്ധിച്ച് കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രസർക്കാർ നടത്തിയ പെസോ നിയമ ഭേദഗതിയിൽ ഇളവ് ആവശ്യപ്പെട്ട് ദേവസ്വങ്ങൾ കേന്ദ്രസർക്കാരിനെ സമീപിച്ചെങ്കിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കേന്ദ്ര സഹമന്ത്രിയും തൃശ്ശൂർ എംപിയുമായ സുരേഷ് ഗോപിയുടെ വകുപ്പിന് കീഴിലുള്ള പെസോയാണ് ഭേദഗതിയിൽ ഇളവ് നൽകേണ്ടത്.

2024 ഒക്ടോബർ മാസത്തിലാണ് വെടിക്കെട്ട് സംബന്ധിച്ച് കേന്ദ്രസർക്കാർ പെസോ നിയമ ഭേദഗതി നടത്തിയത്. ഫയർ ലൈനിലേക്ക് മാഗസണിൽ നിന്ന് 200 മീറ്റർ അകലം എന്ന ഭേദഗതിയാണ് തൃശ്ശൂർ പൂരം വെടിക്കെട്ടിന് പ്രതിസന്ധി ആയിരിക്കുന്നത്. നിയമഭേദഗതിയിൽ ഇളവ് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി പീയൂഷ് ഗോയലിനെ കണ്ട് നിവേദനം സമർപ്പിച്ചെങ്കിലും ഇതുവരെയും തീരുമാനമായിട്ടില്ല. പൂരം കൊടിയേറ്റത്തിന് 32 ദിവസം മാത്രം അവശേഷിക്കെ കേന്ദ്രം നിലപാട് വൈകിപ്പിക്കുന്നത് ആശങ്കാജനകമാണ് എന്നാണ് ദേവസ്വം പ്രതിനിധികൾ പറയുന്നത്.

