തൃശൂര്‍ പൂരം അലങ്കോലമായതിന് പിന്നില്‍ ഗൂഢാലോചനയെന്ന പോലീസ് എഫ്‌ഐആറിനെതിരെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍. ഏപ്രില്‍ 20ന് നടന്ന പൂരത്തിലെ പ്രശ്‌നങ്ങളുടെ പേരില്‍ ശനിയാഴ്ചയാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഒരു വിഭാഗത്തിന്റെ മതവികാരങ്ങളും വിശ്വാസങ്ങളും അവഹേളിച്ചും വൃണപ്പെടുത്തിയും സമൂഹത്തില്‍ ലഹളയുണ്ടാക്കാനുള്ള ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത്. ആരെയും പ്രതി ചേര്‍ത്തിട്ടില്ല.
എന്നാല്‍ ഗൂഢാലോചനയെന്ന എഫ്‌ഐആറിലെ പരാമര്‍ശത്തിനെരെ ദേവസ്വം അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. പൂരം അലങ്കോലമായതിന് കാരണം ഉദ്യോഗസ്ഥരുടെ പിഴവാണെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാര്‍ പ്രതികരിച്ചു. പൊതുവായി എടുത്ത തീരുമാനത്തില്‍ നിന്ന് എവിടെയോ വ്യതിചലിച്ചിട്ടുണ്ട്. പറ്റിയ തെറ്റ് തിരുത്തി മുന്നോട്ട് പോകുകയാണ് വേണ്ടത്. അന്വേഷണവുമായി ദേവസ്വം സഹകരിക്കും. ദേവസ്വം പൂരം തടയില്ല. പൂരം നടത്തുന്നവരാണ്. അതിനാല്‍ പൊലീസെടുത്ത കേസിന്റെ പ്രതിപ്പട്ടികയില്‍ ദേവസ്വം വരില്ല. പൂരം നടക്കുന്ന സമയത്തെ പോലീസ് കമ്മീഷണര്‍ പൂരത്തിന് തടസ്സങ്ങള്‍ ഉണ്ടാക്കിയെന്നത് യാഥാര്‍ത്ഥ്യമാണെന്നും ഗിരീഷ് കുമാര്‍ പറഞ്ഞു.