Kerala
സിദ്ധാര്‍ഥന്റെ മരണത്തില്‍ സസ്പെന്‍ഷനിലായിരുന്ന ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും തിരിച്ചെടുത്ത തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കുടുംബം
പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണത്തില്‍ സസ്പെന്‍ഷനിലായിരുന്ന ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും തിരിച്ചെടുത്ത തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കുടുംബം. ആര്‍ക്കൊപ്പമാണ് സര്‍വകലാശാലയും സര്‍ക്കാരുമെന്ന് വ്യക്തമാക്കുന്നതാണ് നടപടിയെന്ന് കുടുംബം പ്രതികരിച്ചു. എല്ലാ വിശ്വാസവും നഷ്ടമാവുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. തെറ്റ് ചെയ്തവരെ രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും കുടംബം വ്യക്തമാക്കി.
സര്‍വകലാശാല മാനേജ്മെന്റ് കൗണ്‍സിലാണ് ഡീന്‍ എം.കെ. നാരായണനേയും അസിസ്റ്റന്റ് വാര്‍ഡന്‍ ആര്‍. കാന്തനാഥനേയും തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. സസ്പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായി എന്ന ന്യായീകരണം പറഞ്ഞാണ് ഇരുവരേയും തിരിച്ചെടുത്തത്. പാലക്കാട് തിരുവാഴംകുന്ന് കോളേജ് ഓഫ് ഏവിയന്‍ സയന്‍സസ് ആന്‍ഡ് മാനേജ്മെന്റിലേക്കാണ് ഇരുവര്‍ക്കും നിയമനവും നല്‍കി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൂടുതല്‍ അച്ചടക്കനടപടികള്‍ക്ക് വേണ്ടെന്ന് തീരുമാനിച്ചത്.
വിസിയുടെ എതിര്‍പ്പ് കണക്കിലെടുക്കാതെയാണ് മാനേജ്മെന്റ് കൗണ്‍സില്‍ ഈ തീരുമാനം എടുത്തത്. വൈസ് ചാന്‍സലര്‍ കെ.എസ്. അനിലിനെ കൂടാതെ മാനേജ്മെന്റ് കൗണ്‍സില്‍ അംഗങ്ങളായ ടി. സിദ്ദിഖ് എം.എല്‍.എ., ഫാക്കല്‍റ്റി ഡീന്‍ കെ. വിജയകുമാര്‍, അധ്യാപക പ്രതിനിധി പി.ടി. ദിനേശ് എന്നിവര്‍ തീരുമാനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി. 12 പേരുടെ പിന്തുണയോടെയാണ് തീരുമാനം അംഗീകരിച്ചത്. ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ നടപടി വേണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. തീരുമാനം ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് അയക്കും.
കഴിഞ്ഞ ഫെബ്രുവരി 18-നാണ് കോളേജില്‍വെച്ച് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായ സിദ്ധാര്‍ഥന്‍ മരിക്കുന്നത്. ഡീന്‍ എം.കെ. നാരായണനും അസിസ്റ്റന്റ് വാര്‍ഡന്‍ ആര്‍. കാന്തനാഥനും ക്യാംപസില്‍ ഉണ്ടായിരുന്നിട്ടും ഇടപെട്ടില്ലെന്ന് യൂണിവേഴ്സിറ്റി നിയോഗിച്ച അന്വേഷണക്കമ്മിഷന്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇരുവരേയും സസ്‌പെന്‍ഡ് ചെയ്തത്.