Kerala
മുറിയിൽ നിന്നും നിങ്ങള്‍ പുറത്തേക്ക് പോകരുത് ,നിങ്ങൾ ഞങ്ങളുടെ നിരീക്ഷണത്തിലാണ്…നിങ്ങളുടെ മുറിക്കുള്ളിൽ നിന്നും പുറത്തിറങ്ങരുത്. നിങ്ങൾ ഞങ്ങളുടെ നിരീക്ഷണത്തിലാണ് ഞങ്ങൾ മുംബൈ പോലീസിൽ നിന്നാണ് വിളിക്കുന്നത്
മുറിയിൽ നിന്നും നിങ്ങള്‍ പുറത്തേക്ക് പോകരുത് ,നിങ്ങൾ ഞങ്ങളുടെ നിരീക്ഷണത്തിലാണ്…
നിങ്ങളുടെ മുറിക്കുള്ളിൽ നിന്നും പുറത്തിറങ്ങരുത്. നിങ്ങൾ ഞങ്ങളുടെ നിരീക്ഷണത്തിലാണ് ഞങ്ങൾ മുംബൈ പോലീസിൽ നിന്നാണ് വിളിക്കുന്നത്.ഞാൻ സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ്. നിങ്ങളെ അറസ്റ്റ് ചെയ്യുവാൻ പോവുകയാണ്. ഇതാണ് ഞങ്ങളുടെ അറസ്റ്റ് വാറണ്ട് എന്ന തരത്തിൽ നിങ്ങളുടെ മൊബൈൽ ഫോണിലെ വാട്സ്ആപ്പിലേക്ക് വീഡിയോ കോൾ വഴി വന്നുവോ.. ഇല്ലെങ്കിൽ വന്നേക്കാം….
നമ്മുടെ ഓരോ നിമിഷങ്ങളിലും മൊബൈൽ ഫോൺ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നമ്മുടെ സുഹൃത്ത് ബന്ധങ്ങൾ, സാമ്പത്തിക ഇടപാടുകൾ, മാനസിക ഉല്ലാസങ്ങൾ മറ്റ് അറിവുകൾ ശേഖരിക്കല്‍ തുടങ്ങി നിരവധി ആവശ്യങ്ങളാണ് നാം മൊബൈലിലൂടെ സാധ്യമാക്കുന്നത്. ഇന്റർനെറ്റ് സേവനങ്ങൾ ലാപ്ടോപ്പുകളിലും, കമ്പ്യൂട്ടറുകളിലും മറ്റും ഉപയോഗപ്രദം ആണെങ്കിലും നമുക്ക് വളരെ നിഷ്പ്രയാസം ഏത് സമയത്തും ഉപയോഗിക്കാം എന്ന തരത്തിലാണ് മൊബൈൽഫോണുകൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നത്. എന്നാൽ ഈ മൊബൈൽ ഫോൺ ഇന്റർനെറ്റ് എന്ന മഹാ ശൃംഖലയെയാണ് ആശ്രയിച്ചിരിക്കുന്നത്. പ്രധാനമായും ഇന്റർനെറ്റുകൾ നാം ഉപയോഗിക്കുന്നത് ഏതെങ്കിലും വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തിരയുന്നതിനും, അവ പങ്കുവെക്കുന്നതിനും,സാമ്പത്തിക ഇടപാടുകൾക്കും, വിദ്യാഭ്യാസപരമായ കാര്യങ്ങൾക്കും, മറ്റു ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനും, വിൽപ്പന നടത്തുന്നതിനും പുറമേ വീട്ടിലെ മറ്റ് ദൈനംദിന ആവശ്യങ്ങളായ കറണ്ട് ,ഗ്യാസ്, വെള്ളം, ബാങ്കിംഗ് ഇടപാടുകൾ എന്നിങ്ങനെ നിരവധി ആവശ്യങ്ങളാണ് നമുക്ക് ഇന്റർനെറ്റിലൂടെ മറ്റും സാധ്യമാകുന്നത്. എന്നാൽ ഇതിനിടയിലാണ് നാം അറിയാതെയോ നമ്മളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടോ ആയി നിരവധി സൈബർ ചതിക്കുഴികൾ നമ്മളെ കാത്തിരിക്കുന്നത്. ഇത്തരത്തിൽ സമീപകാലത്ത് പുതിയ തരത്തില്‍ സൈബർ തട്ടിപ്പുകൾ കടന്നുവന്നിരിക്കുകയാണ്.
നിങ്ങളുടെ ഫോണിലേക്ക് ഒരു കോൾ വരുന്നു. നിങ്ങളുടെ പേരിൽ വിദേശത്തേക്ക് ഒരു പാഴ്സൽ അയച്ചിട്ടുണ്ട്. ഇതിനുള്ളിൽ മയക്കുമരുന്ന് പോലുള്ള ലഹരി വസ്തുക്കൾ ഉള്ളതായി മുംബൈ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽനിന്നും നിങ്ങൾക്ക് രക്ഷപെടാൻ കഴിയില്ല. എന്ന തരത്തിൽ കോൾ വരികയും, കോൾ വരുന്ന വ്യക്തി ഉടൻ തന്നെ പരിഭ്രാന്തനാവുകയും മാനസിക സമ്മർദ്ദത്തിൽ ആവുകയും ചെയ്യുന്നു. ഉടൻതന്നെ മറ്റൊരു വീഡിയോ കോൾ മറുവശത്ത് പോലീസ് ഉദ്യോഗസ്ഥൻ യൂണിഫോമില്‍ . നിങ്ങൾ വീടുവിട്ട് വെളിയിൽ പോകാൻ പാടില്ല ഇത് നിങ്ങളെ അറസ്റ്റ് ചെയ്യുന്നതിനുള്ള വാറണ്ടാണ്. ആ വാറന്റിനുള്ളിൽ നമ്മുടെ പേരും അഡ്രസ്സും, മറ്റു വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തിയിരിക്കും. നിങ്ങളെ അറസ്റ്റ് ചെയ്യാതിരിക്കണമെങ്കിൽ ഉടൻ തന്നെ പണം ഞങ്ങൾക്ക് അയച്ചുതരിക. എന്നുപറഞ്ഞാണ് കോൾ വരിക. ഇതോടെ മാനസിക സമ്മർദ്ദത്തിൽ പെടുന്ന നാം അയാൾ പറഞ്ഞ അക്കൗണ്ടിലേക്ക് പണം അയച്ചു നൽകുകയും ചെയ്യുന്നു. ഇത്തരത്തിൽ ഈരാറ്റുപേട്ട സ്വദേശിയായ മധ്യവയസ്കനിൽ നിന്നും തട്ടിപ്പുകാർ എട്ടു ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. തുടർന്ന് അന്വേഷണസംഘം ഇയാളെ തെലുങ്കാനയിൽ നിന്നും പിടികൂടുകയായിരുന്നു.
ഓൺലൈൻ ട്രേഡിങ്
ഓൺലൈൻ ട്രേഡിങ് തട്ടിപ്പുകാർ വിദേശ ട്രേഡിങ് കമ്പനിയുടെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമ്മിക്കുകയും, പിന്നീട് നിങ്ങളുടെ ഫേസ്ബുക്കിലും വാട്സാപ്പിലും ടെലഗ്രാമിലും മറ്റും ട്രേഡിങ്ങിന് താല്പര്യമുള്ളവരെ തിരയുന്നതിന് പരസ്യം നൽകുകയും ഇതിൽ യുവതി,യുവാക്കള്‍ ആകൃഷ്ടരാവുകയും തുടർന്ന് അവരോട് ഈ വെബ്സൈറ്റ് വഴി ട്രേഡിങ് ബിസിനസ് ചെയ്യുകയാണെങ്കിൽ നിക്ഷേപിക്കുന്ന തുകയുടെ 15% മാസംതോറും ബോണസ്സായി ലഭിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇത്തരത്തിൽ പണം തട്ടിയെടുക്കുന്ന രീതിയാണ് ഇത്. ഇവർ പറയുന്നത് പ്രകാരം ആദ്യം ഒന്നോ രണ്ടോ തവണ പണം നൽകുമ്പോൾ കൂടുതൽ പണം ലാഭമായി ലഭിക്കുകയും ചെയ്യുന്നു.
ഇതിൽ ആകൃഷ്ടരാകുന്നതോടെ നാം കൂടുതൽ പണം ഇതിൽ നിക്ഷേപിക്കുന്നു. തുടർന്ന് നമ്മുടെ മുഴുവൻ പണവും നഷ്ടമാകുന്നു. ഇത്തരത്തിൽ കഞ്ഞിക്കുഴി സ്വദേശിയിൽ നിന്നും നഷ്ടമായത് 1.25 കോടി രൂപയാണ്. ഇതിലെ മുഖ്യപ്രതിയെ കാസർഗോഡ് നിന്നും ജില്ലാ പോലീസ് പിടികൂടുകയും ചെയ്തിരുന്നു.
വീട്ടിലിരുന്ന് പണം സമ്പാദിക്കാം (വർക്ക് അറ്റ് ഹോം ടാസ്ക് )
വീട്ടിലിരുന്ന് ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന് പറഞ്ഞ് നമ്മുടെ വാട്സാപ്പിലൊ,ടെലഗ്രാം വഴിയോ, ടെക്സ്റ്റ് മെസ്സേജ് വഴിയോ, മെസഞ്ചർ വഴിയോ മറ്റു പരസ്യം വരികയും ഇതിൽ ആകൃഷ്ടരായാൽ ഉടൻ നമുക്കിവർ ഓരോ ടാസ്ക് തരികയും ചെയ്യുന്നു.
ആദ്യം നമ്മളോട് 1000 രൂപ മുടക്കി രജിസ്റ്റർ ചെയ്യാൻ പറയുകയും അതിനുശേഷം മുന്തിയ വിഭാഗത്തിലുള്ള ഹോട്ടലുകളുടെയോ, മറ്റു വ്യാപാര സ്ഥാപനങ്ങളുടെയോ, അല്ലെങ്കിൽ ഏതെങ്കിലും ഉൽപ്പന്നത്തിന്റെയോ റിവ്യൂ ചെയ്യുകയും, നാം മറ്റു പത്ത് പേരെക്കൊണ്ട് റിവ്യു ചെയ്യിപ്പിച്ച് ഇതിന്റെ സ്ക്രീൻഷോട്ട് ഇവർക്ക് നൽകുന്നു. തുടർന്ന് ഇവർ നമുക്ക് ഇതിന്റെ തുക അക്കൗണ്ടിൽ തരുന്നു. ഇങ്ങനെ നമ്മളെ അവർ വിശ്വാസത്തിൽ എടുക്കുന്നു. ഉദാഹരനത്തിന് ഒരു സ്ക്രീൻഷോട്ടിന് ₹100 ആയിരിക്കും ഇവർ പറയുക ഇത്തരത്തിൽ ഒരു മണിക്കൂറിനുള്ളിൽ 10 സ്ക്രീൻഷോട്ടുകൾ നമ്മൾ അയച്ചു കൊടുക്കുമ്പോൾ നമ്മുടെ അക്കൗണ്ടിൽ 10,00 രൂപ എത്തുന്നു. ഇതോടെ കുറച്ച് സമയം കൊണ്ട് കൂടുതൽ പണം സമ്പാദിക്കാൻ നമ്മൾ ശ്രമിക്കുമ്പോൾ ഇവർ പുതിയ ഒരു ടാസ്കിനെ കുറിച്ച് പറയുകയും, ഇതിൽ നിങ്ങൾ അടയ്ക്കുന്ന തുകയുടെ ശതമാന കണക്കിൽ ലാഭമുണ്ടാക്കാം എന്ന് നമ്മളെ പറഞ്ഞു വിശ്വസിപ്പിക്കുകയും നമ്മൾ ഇത് വിശ്വസിച്ച് അവർ പറഞ്ഞ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച് ടാസ്ക് ചെയ്യുകയും ചെയ്യുന്നു. കൂടുതൽ പണം മുടക്കുമ്പോൾ കൂടുതൽ ലാഭം ലഭിക്കുമെന്ന് വിശ്വസിച്ച് നമ്മൾ ഇതിൽ ലക്ഷങ്ങൾ മുടക്കുകയും ചെയ്യുന്നു. ഒരു ലക്ഷം രൂപ മുടക്കുമ്പോൾ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ നമ്മുടെ അക്കൗണ്ടിൽ വന്നതായി പറയുകയും ഈ പണം ഒരു ആപ്ലിക്കേഷൻ വഴി മാത്രമേ കാണുവാനും സാധിക്കുകയുള്ളൂ. ഈ ആപ്ലിക്കേഷൻ ഇവർ നമ്മളെക്കൊണ്ട് ഡൗൺലോഡ് ചെയ്യിപ്പിക്കുകയും ഇതിലുള്ള ഡിജിറ്റൽ വാലറ്റിൽ പണം വരുന്നത് നാം കാണുകയും ചെയ്യുന്നു. എന്നാല്‍ നമുക്കിത് പിൻവലിക്കാൻ സാധിക്കില്ല ഇത് നാം തിരിച്ചറിയുകയുമില്ല. തുടര്‍ന്ന് വലിയ തുകയായാല്‍ ഇത് പിൻവലിക്കണമെങ്കിൽ നമ്മൾ ടാക്സിനത്തിലും മറ്റുമായി കൂടുതൽ പൈസ അടക്കണം എന്ന് നമ്മളെ പറഞ്ഞു വിശ്വസിപ്പിച്ച് വീണ്ടും ഇവർ അക്കൗണ്ടിലേക്ക് നമ്മുടെ കയ്യിൽ നിന്ന് പണം വാങ്ങിയെടുക്കുകയുംപിന്നീട് അപ്രത്യക്ഷരാവുകയുമാണ് ഇവരുടെ രീതി. ഇത്തരത്തിൽ ഏറ്റുമാനൂർ സ്വദേശിനിയായ വീട്ടമ്മയില്‍ നിന്നും ഒമ്പതര ലക്ഷവും, പെരുവ സ്വദേശിയായ യുവാവില്‍ നിന്നും 5 ലക്ഷവും, കാരാപ്പുഴ സ്വദേശിനിയായ വീട്ടമ്മയില്‍ നിന്നും അഞ്ചു ലക്ഷവും തട്ടിപ്പുകാർ തട്ടിയെടുത്തിട്ടുണ്ട്. ഇതിൽ ഏറ്റുമാനൂർ സ്വദേശിനിയുടെ എട്ടു ലക്ഷത്തോളം രൂപ നഷ്ടപ്പെടാതെ അക്കൌണ്ടില്‍ ഹോൾഡ് ചെയ്ത് വയ്ക്കാൻ പോലീസിന് കഴിഞ്ഞിട്ടുണ്ട്.
ഇതിന് പുറമെ നടക്കുന്ന തട്ടിപ്പാണ് ഫേസ്ബുക്ക് വഴി വീഡിയോ കോൾ ചെയ്ത് ബ്ലാക്ക് മെയിൽ, ബാങ്ക് KYC യുടെ പേരിൽ പണം തട്ടൽ, പാൻ കാർഡ് ആധാർ കാർഡ് എന്നിവ അപ്ഡേറ്റ് ചെയ്യുന്നതിന് ഒ.ടി.പി കൈക്കലാക്കി പണം തട്ടല്‍, ഓൺലൈൻ ലോൺ ആപ്പ് വഴി ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയ തട്ടിപ്പുകളും നടന്നുവന്നിരുന്നു. ഇത് ഒരു പരിധിവരെ തടയുന്നതിന് ബോധവൽക്കരണത്തിലൂടെ നമുക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ പരാതിയുമായി എത്തുന്നവരെ Crime portal ലിൽ രജിസ്റ്റർ ചെയ്തു വിടുകയും ഇതുവഴി പണം തിരികെ ലഭിക്കുന്നതിനും, പണം തട്ടിപ്പ് സംഘത്തിന്റെ കയ്യിലെത്താതെ ഹോൾഡ് ചെയ്യുന്നതിനും സാധിക്കുന്നു.
ഇത്തരത്തിലുള്ള തട്ടിപ്പുകൾക്കെതിരെ കരുതിയിരിക്കുകയും, ഇവർക്കെതിരെ ജാഗ്രത പുലർത്തുകയുമാണ് വേണ്ടത്. ഇത്തരം അബദ്ധങ്ങൾ സംഭവിച്ചാൽ നാമത് മറച്ചുവയ്ക്കാതെ തൊട്ടടുത്ത പോലീസ് സ്റ്റേഷനുകളിലോ, സൈബർ സെല്ലിലോ, ടോൾ ഫ്രീ നമ്പറായ 1930 യിലോ വിളിച്ച് ഉടനടി കമ്പ്ലൈന്റ് രജിസ്റ്റർ ചെയ്യുകയാണ് വേണ്ടതെന്നും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് പറഞ്ഞു. കൂടാതെ തട്ടിപ്പിനായി സംഘങ്ങൾ ഉപയോഗിക്കുന്ന മൊബൈൽ നമ്പറുകൾ, മെയിൽ ഐഡികൾ, വെബ്സൈറ്റുകൾ തുടങ്ങിയവ സഞ്ചാർ സാഥി എന്ന പോർട്ടൽ വഴി Report Suspected Fraud Communication ( CHAKSHU ) എന്ന ഓപ്ഷനില്‍ രജിസ്റ്റർ ചെയ്യേണ്ടതുമാണ്. ഇതുവഴി ഇത്തരം വ്യാജ വെബ് സൈറ്റുകളും, നമ്പറുകളും, ഐഡികളും ബ്ലോക്ക് ചെയ്ത്, ഇവരെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്യും.
മുന്‍കരുതലുകള്‍.
പോലീസ് ഉദ്യോഗസ്ഥരാണെന്ന് തരത്തിൽ വരുന്ന വാട്സ്ആപ്പ്, സ്കൈപ്പ്, മെസ്സേജർ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ വരുന്ന കോളുകൾ വിശ്വാസത്തിൽ എടുക്കാതിരിക്കുക.
ഔദ്യോഗിക ഗവൺമെന്റ് വെബ്സൈറ്റുകളിൽ നൽകിയിരിക്കുന്ന നമ്പറുകളിൽ നിന്ന് തന്നെയാണ് നമുക്ക് കോളുകൾ വരുന്നതെന്ന് ഉറപ്പു വരുത്തുക.
നമ്മുടെ ബാങ്ക് അക്കൗണ്ടിന്റെ ഡീറ്റെയിൽസ് മറ്റൊരാളുമായി ഷെയർ ചെയ്യാതിരിക്കുക.
അപരിചിതരുടെ കോളുകൾക്ക് മറുപടിയായി ഏതെങ്കിലും ബാങ്ക് അക്കൗണ്ടിലേക്കോ അല്ലെങ്കിൽ യു.പി.ഐ UPI യിലേക്കോ പണം നിക്ഷേപിക്കരുത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ആൽഫബെറ്റുകളുടെ കൂടെ നമ്പറുകളും, സിംബലുകളും ചേർന്നുള്ള ശക്തമായ പാസ്സ്‌വേർഡ് ഉപയോഗിക്കുക.
കൃത്യമായി ഇടവേളകളിൽ പാസ്‌വേഡുകൾ മാറ്റുക.
നമ്മുടെ അക്കൗണ്ടിന്റെ Two Step വെരിഫിക്കേഷൻ ഓണ്‍ ആക്കുക. ഇതിനായി നമ്മുടെ മൊബൈൽ നമ്പരോ, ഈമെയിൽ ഐഡിയോ നൽകുക ഇതിലൂടെ നമ്മുടെ അക്കൗണ്ടിൽ നമ്മുടെ അനുവാദമില്ലാതെ മറ്റൊരാൾ കയറുന്നത് തടയാൻ സാധിക്കും.
സാമൂഹ്യ മാധ്യമങ്ങളിലെ നമ്മുടെ അക്കൗണ്ടുകൾ ലോക്ക് ചെയ്തിടുക.
സോഷ്യൽ മീഡിയ ഉപയോഗത്തിനു ശേഷം അക്കൗണ്ടുകൾ logout ചെയ്യുന്നതിന് പ്രത്യേകം ശ്രദ്ധ നൽകുക.
മൊബൈലുകളിൽ പരിചിതമല്ലാത്ത ഓൺലൈൻ ലോൺ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക.
ലോൺ എടുക്കാൻ ഉദ്ദേശിക്കുമ്പോൾ ആർബിഐ അംഗീകാരമുള്ള സുരക്ഷിതമായ ആപ്പുകളിൽ നിന്നോ ലിങ്കുകളിൽ നിന്നോ ആണ് ലോൺ എടുക്കുന്നതെന്ന് ഉറപ്പുവരുത്തുക.
മൊബൈലുകളിൽ മെസ്സേജുകളുടെ കൂടെ വരുന്ന ലിങ്കുകളെ അവഗണിക്കുക.
ബാങ്കുകളൊ, മറ്റ് സർക്കാർ സ്ഥാപനങ്ങളുടെ പേരിൽ വരുന്ന കോളുകൾക്ക് ഓ.ടി.പി ഷെയർ ചെയ്യാതിരിക്കുക.
ബാങ്കുകളോ, സർക്കാർ സ്ഥാപനങ്ങളോ ഒരിക്കലും പൊതുജനങ്ങളോട് ഫോണിൽ വിളിച്ച് ഒടിപി ആവശ്യപ്പെടാറില്ല എന്നത് ഓര്‍മയില്‍ വെക്കുക.
ഏതെങ്കിലും സാഹചര്യത്തിൽ പണം നഷ്ടപ്പെട്ടാൽ ഉടനടി 1930 യിൽ വിളിച്ച് കംപ്ലൈന്റ്റ് രജിസ്റ്റർ ചെയ്യുക.