Kerala
സ്റ്റേഷനില്‍ യുവാവിന്‍റെ മരണം; ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോര്‍ട്ടം, മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഇല്ല
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പൊലീസ് സ്റ്റേഷനില്‍ യുവാവ് കുഴഞ്ഞുവീണു മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തല്‍. മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ശരീരത്തില്‍ ഇല്ല. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് യുവാവിന്റെ മരണമെന്നായിരുന്നു ബന്ധുക്കളുടെ പരാതി.
നിലവില്‍ അസ്വാഭാവിക മരണത്തിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണവും കലക്റ്ററുടെ നേതൃത്വത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണവും നടക്കും. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ സി ബാബുവിനാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും, മരിച്ച മൊയ്തീന്‍ കുട്ടിയെ ചികില്‍സിച്ച ഡോക്ടര്‍മാരുടെയും മൊഴി എടുക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം.
സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിക്കും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളായിരിക്കും കേസില്‍ നിര്‍ണായകമാവുക. സംഭവത്തില്‍ രണ്ടു സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ആന്റ്‌സ് വിന്‍സന്‍, ഷംസീര്‍ ടി പി എന്നിവരെയാണ് എസ്പി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.