തിരുവനന്തപുരം: വാട്സ്ആപ്പ് ദുരുപയോഗം ചെയ്തുള്ള പുതിയ തട്ടിപ്പിൽ മുന്നറിയിപ്പുമായി കേരള പൊലീസ്. അപരിചിതർ ആരെങ്കിലും വിളിച്ചിട്ട് കോൾ മെർജ് ചെയ്യാൻ ആവശ്യപ്പെട്ടാണ് തട്ടിപ്പിനുള്ള ശ്രമം നടക്കുന്നതെന്നും കേരള പൊലീസ് ഫെയ്സ്ബുക്കിലൂടെ മുന്നറിയിപ്പ് നൽകി. ‘നിങ്ങൾക്ക് സംശയമൊന്നും തോന്നാത്ത രീതിയിൽ എന്തെങ്കിലും ഒരു സാധാരണ വിഷയത്തെക്കുറിച്ച് സംസാരിക്കാനായി തട്ടിപ്പുകാർ വിളിക്കും.
അതേസമയം തന്നെ തട്ടിപ്പുകാർ മറ്റൊരു ഡിവൈസിൽ നിങ്ങളുടെ നമ്പറിന്റെ വാട്ട്‌സ്ആപ്പ് രജിസ്ട്രേഷനും ആരംഭിക്കുന്നു. കോൾ അടിസ്ഥാനമാക്കിയുള്ള വാട്ട്‌സ്ആപ്പ് ആക്ടിവേഷൻ ഓപ്ഷൻ ആയിരിക്കും അവർ തിരഞ്ഞെടുക്കുക. നിങ്ങളുടെ ഫോണിൽ വന്ന ഒടിപി കൈക്കലാക്കാൻ ഇപ്പോൾ വരുന്ന കാൾ മെർജ് ചെയ്യാൻ ആവശ്യപ്പെടുന്നു. നിങ്ങൾ കോൾ മെർജ് ചെയ്യുന്നു, ഇത് വാട്ട്‌സ്ആപ്പിൽ നിന്നുള്ള വെരിഫിക്കേഷൻ കോളാണ്, കൂടാതെ ഒടിപിയും ഉണ്ട്. തട്ടിപ്പുകാർ ഒടിപി എന്റർ ചെയ്യുന്നതോടെ നിങ്ങളുടെ അക്കൗണ്ട് നിങ്ങളുടെ ഫോണിൽ നിന്ന് ലോഗ് ഔട്ട് ആകുകയും തട്ടിപ്പുകാർ അക്കൗണ്ട് കൈക്കലാക്കുകയും ചെയ്യുന്നു.’- കേരള പൊലീസ് കുറിച്ചു.