Kerala
ഒല്ലൂരില്‍ ഇന്‍സ്പെക്ടറെ കുത്തിയ പ്രതിയെ കോടതി റിമാന്‍റ് ചെയ്തു
തൃശ്ശൂർ: ഒല്ലൂരില്‍ സർക്കിൾ ഇൻസ്പെക്ടറെ കുത്തിയ പ്രതിയെ കോടതി റിമാന്‍റ് ചെയ്തു. കാപ്പാ ചുമത്തിയ പ്രതിയെ പിടികൂടാൻ എത്തിയ സിഐയെയും സംഘത്തെയും അക്രമിച്ചതിന് കൊലപാതകശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് പ്രതിയായ അനന്തുമാരിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആക്രമണത്തിൽ പരിക്കേറ്റ സർക്കിൾ ഇൻസ്പെക്ടർ ഫര്‍ഷാദിനെ ആരോഗ്യനില മെച്ചപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് വാര്‍ഡിലേക്ക് മാറ്റി. പടവരാട് കള്ള് ഷാപ്പില്‍ കത്തിക്കുത്ത് നടത്തി ഒളിവില്‍ പോയ അനന്തുമാരി എന്ന 24കാരന്‍ ഇന്നലെയാണ് തന്നെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്കെതിരെ കത്തിയെടുത്തത്.
അഞ്ചേരി അയ്യപ്പന്‍ കാവ് ക്ഷേത്രത്തിനടുത്തെ ഫാമില്‍ വച്ച്, ഒല്ലൂര്‍ സിഐ ഫര്‍ഷാദിനെയും സിവില്‍ പൊലീസ് ഓഫീസര്‍ വിനീതിനെയും അനന്തുമാരി ആക്രമിക്കുകയായിരുന്നു. സിഐയ്ക്ക് ചുമലിലാണ് കുത്തേറ്റത്.