കൊച്ചി: മലപ്പുറം മുന്‍ എസ് പി സുജിത് ദാസ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ബലാത്സംഗ പരാതി കള്ളപ്പരാതിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പരാതിക്ക് യാതൊരു അടിസ്ഥനവുമില്ലെന്നും എസ്പി അടക്കമുളളവര്‍ക്കെതിരെ കേസ് എടുക്കാനുള്ള തെളിവില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മലപ്പുറം എസ്പി സുജിത് ദാസ്, ഡിവൈഎസ്പി ബെന്നി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയിട്ടും കേസ് എടുക്കുന്നില്ലെന്ന് ആരോപിച്ചാണ് മലപ്പുറം സ്വദേശിയായ വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചത്. ഇതില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. മലപ്പുറം അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് ഫിറോസ് എം ഷഫീഖ് ആണ് സര്‍ക്കാരിനായി മറുപടി സത്യവാങ്മൂലം നല്‍കിയത്.
ഈ വീട്ടമ്മ നല്‍കിയ പരാതി കള്ളപ്പരാതി ആണ്. ഇത് സംബന്ധിച്ച് ആവശ്യമായ പരിശോധനകളും തെളിവുകളും പൊലീസ് ശേഖരിച്ചിരുന്നു. ഇവര്‍ നല്‍കിയ മൊഴി പരസ്പര വിരുദ്ധമാണെന്നും പീഡനത്തിന് ഇരയാക്കിയെന്ന് പറയുന്ന സ്ഥലങ്ങള്‍, സാഹചര്യങ്ങള്‍ സംബന്ധിച്ച് കൃത്യമായ മൊഴി നല്‍കാന്‍ കഴിഞ്ഞില്ലെന്നും വീട്ടമ്മയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ യാതൊരു തെളിവുകളുമില്ലെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.
ഇത്തരത്തില്‍ കേസ് എടുത്താല്‍ അത് പൊലിസുകാരുടെ ആത്മവീര്യവും മനോവീര്യവും തകര്‍ക്കുമെന്നും മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു. സംഭവം നടന്ന സമയം ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ കോള്‍ അടക്കമുള്ളവ പരിശോധിച്ചിരുന്നു. ആ സമയത്ത് ആ ഉദ്യോഗസ്ഥന്‍ കോയമ്പത്തൂരിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എസ്പി അടക്കമുള്ളവരുടെ ഡ്യൂട്ടി രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ വീട്ടമ്മ നല്‍കിയ മൊഴി സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്ന് ബോധ്യമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേസ് എടുക്കണണമെന്ന് പറയുന്ന വീട്ടമ്മയുടെ ഹര്‍ജി തള്ളണമെന്നും പൊലീസ് കോടതിയെ അറിയിച്ചു.