Kerala

തിരുവനന്തപുരം നഗരത്തിലെ വെടിവപ്പിന് കാരണം വ്യക്തി വൈരാഗ്യമെന്ന് പോലീസ്

തിരുവനന്തപുരം നഗരത്തിലെ വെടിവപ്പിന് കാരണം വ്യക്തി വൈരാഗ്യമെന്ന് ഉറപ്പിച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്. ഷിനിയെ നേരിട്ടറിയാത്ത എന്നാല്‍ ഷിനിയോട് മാത്രം വൈരാഗ്യമുള്ള ഒരു സ്ത്രീ നടത്തിയ ആക്രമണമെന്നാണ് വിലയിരുത്തുന്നത്. വെടിവച്ച സ്ത്രീ മുഖം പൂര്‍ണ്ണമായും മറച്ച് എത്തിയതിനാല്‍ തിരിച്ചറിയാന്‍ ഷിനിക്കോ കുടുംബത്തിനോ കഴിഞ്ഞിട്ടില്ല. എന്നാല്‍ ആ വീട്ടിലെ എല്ലാ കാര്യങ്ങളും അറിഞ്ഞുളള ആസൂത്രണം നടന്നിരുന്നുവെന്നും വ്യക്തമാണ്.

മാലദ്വീപിലുള്ള ഷിനിയുടെ ഭര്‍ത്താവ് സുജിത്ത് വീട്ടിലേക്ക് കൊറിയര്‍ വഴി സാധനങ്ങൾ അയക്കുന്നത് പതിവാണ്. ഇക്കാര്യം ആക്രമണത്തിന് വന്ന യുവതിക്ക് കൃത്യമായി അറിയാമായിരുന്നു. കാരണം വീട്ടിലെത്തിയപ്പോള്‍ യുവതിയുടെ കൈയ്യില്‍ കൊറിയര്‍ പോലെ ഒരു കവറിനൊപ്പം ഒപ്പിട്ട് വാങ്ങാനുളള കടലാസും ഉണ്ടായിരുന്നു. ഇത് കണ്ടതു കൊണ്ട് തന്നെയാണ് ഭർതൃപിതാവ് ഭാസ്‌കരന്‍ നായര്‍ സംശയം ഒന്നും തോന്നാതെ വീടിനുളളില്‍ ഉണ്ടായിരുന്ന ഷിനിയെ വിളിച്ചത്. ഷിനി പുറത്തേക്ക് വന്നപ്പോള്‍ പലതവണ പേര് ആവര്‍ത്തിച്ച് ചോദിച്ച് ഉറപ്പിച്ച ശേഷമാണ് വെടിവച്ചതും. ഇതില്‍ നിന്നാണ് വെടിവച്ച യുവതിക്ക് ഷിനിയെ മുന്‍പരിചയം ഇല്ല എന്ന വിലയിരുത്തലില്‍ പോലീസെത്തിയത്.

വ്യക്തിവൈരാഗ്യമെന്ന നിലയിലാണ് ഷിനിയുടെ ഭര്‍ത്താവിന്റെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തുന്നത്. ആര്‍ക്കെങ്കിലും വൈരാഗ്യം തോന്നാന്‍ മാത്രമുള്ള എന്തെങ്കിലും സംഭവം ഉണ്ടോയെന്നാണ് പരിശോധിക്കുന്നത്. ഷിനിയുടെ മൊഴിയും വിശദമായി രേഖപ്പെടുത്താനാണ് തീരുമാനം. കൈയ്യില്‍ പരിക്കേറ്റ് ശസ്ത്രക്രിയ കഴിഞ്ഞിരിക്കുന്ന ഷിനിയുടെ മൊഴി വരും ദിവസങ്ങളില്‍ വിശദമായി ശേഖരിക്കും. തൃശൂര്‍ സ്വദേശിയായ ഷിനിക്ക് അവിടെ ശത്രുതയുള്ള ആരെങ്കിലും ഉണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇരുവരുടെയും ജോലി സ്ഥലത്തെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

കൊല്ലാൻ തന്നെയായിരുന്നു ഉദ്ദേശ്യം എന്നാണ് പോലീസിന്റെ വിലയിരുത്തല്‍. തലയ്ക്ക് നേരെയാണ് വെടിവച്ചത്. എന്നാൽ ലക്ഷ്യം കണ്ടില്ലെന്ന് മാത്രം. രണ്ട് റൗണ്ട് ഭിത്തിയിൽ കൊണ്ട ശേഷം മുഖം പൊത്തിയതിനാൽ ഒരുവെടി ഷിനിയുടെ കൈയ്യിൽ കൊണ്ടു. കുടുംബത്തിൽ എല്ലാവരുടെയും മൊഴി വിശദമായി രേഖപ്പെടുത്തേണ്ടി വരും. എങ്കിലേ അന്വേഷണം മുന്നോട്ടു പോകൂ എന്ന സ്ഥിതിയാണ്.

വഞ്ചിയൂരിലെ വീട്ടില്‍ നേരത്തേയും എത്തി അക്രമി നിരീക്ഷണം നടത്തിയെന്നാണ് കരുതുന്നത്. ഇവർ സഞ്ചരിച്ചുവെന്ന് കരുതുന്ന കാര്‍ 200 മീറ്റര്‍ നിര്‍ത്തിയ ശേഷമാണ് യുവതിയെത്തിയത്. വെടിവച്ച് ശേഷം കൃത്യമായി അയല്‍ക്കാര്‍ എത്തുന്നതിന് മുമ്പ് ഓടി രക്ഷപ്പെടാനും കഴിഞ്ഞു. ഇതിനു ശേഷം വ്യാജ നമ്പര്‍ പതിപ്പിച്ച സെലറിയോ കാര്‍ ആറ്റിങ്ങലിലേക്കാണ് ഓടിച്ചു പോയത്. ഇവിടെ വരെയുള്ള നിരീക്ഷണ ക്യാമറകളിൽ കാറിൻ്റെ ദൃശ്യമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top