ന്യൂഡല്‍ഹി: കുട്ടികളെ വണ്ടിയിലിരുത്തി ഉടമ കടയില്‍ കയറിയ തക്കത്തിന് കാറുമായി മോഷ്ടാവ് കടന്നു. കുട്ടികളെ അടക്കം റാഞ്ചിയ കള്ളന്‍ ആവശ്യപ്പെട്ടത് 50 ലക്ഷത്തിന്റെ മോചനദ്രവ്യം. പിന്തുടര്‍ന്ന പൊലീസ് പിടികൂടുമെന്ന ഉറപ്പായതോടെ കുട്ടികളെയും കാറും ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു. ന്യൂഡല്‍ഹിയിലാണ് സംഭവം.
വെള്ളിയാഴ്ച രാത്രി പതിനൊന്നുമണിയോടെ കുട്ടികളെ കാറിലിരുത്തി റോഡരികിലെ ബേക്കറിയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ സമയത്താണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. കുട്ടികള്‍ കാറിനകത്ത് ആയതിനാല്‍ ഉടമ കാറിന്റെ എസിയും ഓണ്‍ ചെയ്തിരുന്നു. രക്ഷിതാക്കള്‍ പുറത്തുപോയ തക്കംനോക്കി അകത്തുകയറിയ മോഷ്ടാവ് കാറുമായി കടന്നുകളുകയായിരുന്നു.
ബേക്കറിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി രക്ഷിതാക്കള്‍ തിരികെയത്തിയപ്പോള്‍ കുട്ടികളെയും കാറും കാണാനുണ്ടായിരുന്നില്ല, തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അതിനിടെ തട്ടിക്കൊണ്ടുപോയ ആള്‍ കുട്ടികളുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് മോചനദ്രവ്യമായി 50 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ് ഉടന്‍ പൊലീസ് ഇരുപതോളം സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തി. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നോക്കി പൊലീസ് കാറിനെ പിന്തുടരുകയായിരുന്നു. പൊലീസ് തന്നെ പിന്തുടരുന്നുവെന്ന് മനസിലാക്കായ മോഷ്ടാവ് നിരന്തരം റൂട്ട് മാറ്റിയതോടെ പൊലീസ് പ്രതിസന്ധിയിലായി. ഒടുവില്‍ പൊലീസ് പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ കാര്‍ ഉപേക്ഷിച്ച് സ്ഥലം വിട്ടു.