Kerala

തലസ്ഥാനത്തെ പ്രമുഖ ക്രിമിനൽ അഭിഭാഷകനും സൈബർ തട്ടിപ്പിനിരയായി; പോയത് 77 ലക്ഷം

കസ്റ്റംസ്, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ സ്റ്റാൻഡിങ് കൗൺസലും തിരുവനന്തപുരത്തെ മുതിർന്ന അഭിഭാഷകനുമായ ശാസ്തമംഗലം എസ്.അജിത് കുമാറിനെ വരെ വീഴ്ത്തി സൈബർ തട്ടിപ്പ് സംഘങ്ങൾ. ഇക്കഴിഞ്ഞ ജൂൺ 21 മുതലുള്ള ഒറ്റ മാസം കൊണ്ട് തട്ടിയെടുത്തത് 77 ലക്ഷം രൂപ. ജൂലൈ 27 വരെയായി പല ഘട്ടങ്ങളിലായി അക്കൗണ്ടിലേക്ക് നൽകിയ തുകയുടെ വിശദമായ കണക്ക് സഹിതമാണ് തിരുവനന്തപുരം സിറ്റി പോലീസിന് അജിത് കുമാർ പരാതി നൽകിയിരിക്കുന്നത്.

ഓഹരിവിപണിയിൽ പണം നിക്ഷേപിച്ച് വൻതുക സമ്പാദിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് വാട്സാപ്പിൽ ഒരുസംഘം ബന്ധപ്പെടുന്നു. ഷെയർഖാൻ ക്ലബ് 88 എന്ന ഗ്രൂപ്പിൽ അജിത് കുമാറിനെ ചേർക്കുന്നു. അടുത്തതായി ബ്ലോക്ക് ടൈഗേഴ്സ് എന്ന മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. ഇതും ചെയ്തു കഴിഞ്ഞപ്പോൾ മറ്റൊരാൾ ബന്ധപ്പെട്ട് രണ്ട് അക്കൗണ്ടുകളിലേക്കായി അഞ്ചുലക്ഷം രൂപ വീതം നിക്ഷേപിക്കാൻ ആവശ്യപ്പെടുന്നു; അതങ്ങനെ ചെയ്യുന്നു. ഇതിൻ്റെ ഫലമായി തുക ഇരട്ടിക്കുന്നതായി വ്യാജമായി സ്ക്രീൻഷോട് ഉണ്ടാക്കി കാണിച്ചു. ഇതോടെയാണ് വിശ്വാസം വന്ന് കൂടുതൽ തുകകൾ നൽകുന്നത്.

ഈമാസം 27 വരെ പല തവണയായി തുക ബാങ്ക് അക്കൗണ്ട് വഴി ട്രാൻസ്ഫർ ചെയ്തുകൊണ്ടേയിരുന്നു. തുക ഒരുകോടിക്ക് അടുത്തെത്തിയപ്പോൾ പിന്നെ പ്രതികൾ ബന്ധം വിട്ടു. അപ്പോഴേക്കും വാട്സാപ്പ് ഗ്രൂപ്പും അപ്രത്യക്ഷമായി. കബളിപ്പിക്കപ്പെട്ടുവെന്ന് ഈ ഘട്ടത്തിൽ തോന്നിയപ്പോഴാണ് പോലീസിനെ സമീപിച്ചത്. സൈബർ ഡിവിഷൻ്റെ സഹകരണത്തോടെ തിരുവനന്തപുരം സിറ്റി പോലീസാണ് കേസ് അന്വേഷിക്കുന്നത്.

ഒരുമാസം പഴക്കമുള്ള സാമ്പത്തിക ഇടപാട് ആയതിനാൽ തുക എളുപ്പത്തിൽ തിരിച്ചുപിടിക്കാൻ കഴിയില്ല. അല്ലെങ്കിൽ പിന്നെ പ്രതികളെ കണ്ടെത്തി അവരിൽ നിന്ന് ഈടാക്കാനുള്ള വഴികൾ നോക്കണം. ഇടപാട് നടത്തി ഏതാനും മണിക്കൂറുകൾക്കുള്ളിൽ പോലീസിൽ അറിയിച്ചാൽ തുക തിരിച്ചുപിടിക്കാൻ സംവിധാനമുണ്ട്. ഇവിടെ അതിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ കാര്യങ്ങൾ അത്ര എളുപ്പമാകില്ല.

സങ്കീർണമായ സൈബർ സാമ്പത്തിക തട്ടിപ്പുകേസുകളിലെ പ്രതികളിൽ ചിലരെ അജിത് കുമാർ ജാമ്യത്തിൽ പുറത്തിറക്കിയിട്ടുണ്ട്. അവരിൽ ആരുടെയെങ്കിലും ബന്ധത്തിലാണോ തട്ടിപ്പുസംഘം അഭിഭാഷകനെ ലക്ഷ്യമിട്ടതെന്ന സംശയവുമുണ്ട്. പരോക്ഷമായെങ്കിലും ഇങ്ങനെ സംഭവിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്നാണ് കരുതുന്നത്. ഈ നിലയ്ക്കും വിവരം ശേഖരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top