Kerala

തെളിവുകൾക്കും ഇനി രസീത് നൽകേണ്ടിവരും; പോലീസുകാർക്ക് തലവേദന; നാട്ടുകാർക്ക് ആശ്വാസം

Posted on

പൊതുജനങ്ങൾ പോലീസിൽ നൽകുന്ന ഏത് പരാതികൾക്കും രസീത് വാങ്ങി സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. കാരണം നൽകിയ പരാതിയിൽ എന്ത് നടപടിയുണ്ടായി എന്ന് പിന്നീടൊരിക്കൽ അന്വേഷിക്കണമെങ്കിൽ ഇത് ഉണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമാകും. എന്നാൽ പിന്നീടുള്ള അന്വേഷണങ്ങൾ ഒഴിവാക്കാനും പരാതിയിൽ നടപടിയുണ്ടായില്ലെന്ന് പിന്നീടാരെങ്കിലും പരാതിപ്പെട്ടാൽ കുരിശാകാതിരിക്കാനും പരാതിയുടെ ഒരു രേഖയും പരാതിക്കാരൻ്റെ പക്കലുണ്ടാകരുതെന്ന് നിർബന്ധമുള്ള പോലീസുകാരുണ്ട്. അത്തരക്കാർ രസീത് നൽകില്ലെന്ന് മാത്രമല്ല ചോദിക്കുന്നവരെ വിരട്ടിവിടുന്നതും പോലീസിനെ സംബന്ധിച്ച് നാട്ടുനടപ്പാണ്.

ഇങ്ങനെ തുടരുമ്പോഴാണ് ഇനി പരാതിക്കാരൻ അടക്കം സാക്ഷികൾ സമർപ്പിക്കുന്ന ഓരോ തെളിവിനും രസീത് നൽകണമെന്ന കർശന വ്യവസ്ഥ വരുന്നത്. പരാതിക്കൊപ്പം തെളിവാക്കാൻ പരാതിക്കാരൻ ഹാജരാക്കുന്ന ബില്ലോ, മുദ്രപത്രമോ, സർട്ടിഫിക്കറ്റോ മുതൽ ശബ്ദരേഖയോ, വീഡിയോ ദൃശ്യമോ വരെ തെളിവായി രേഖപ്പെടുത്തി രസീത് നൽകി മാത്രമേ കസ്റ്റഡിയിൽ വാങ്ങി സൂക്ഷിക്കാൻ കഴിയൂ. ഇതിനൊപ്പം കേസിൻ്റെ ക്രൈംനമ്പർ മുതൽ അന്വേഷണ ഉദ്യോഗസ്ഥൻ്റെ പേര് വരെ രേഖപ്പെടുത്തി സൂക്ഷിക്കണം. ഇതെല്ലാം രേഖപ്പെടുത്താൻ പോലീസ് സ്റ്റേഷനുകളിലേക്ക് നൽകാനുള്ള പ്രഫോമയുടെ കോപ്പികൾ അതാത് ജില്ലാ പോലീസ് മേധാവിമാർക്ക് എത്തിക്കഴിഞ്ഞു.

കേസ് അന്വേഷണത്തിനിടെ പോലീസ് പിടിച്ചെടുക്കുന്ന രേഖകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കേസ് തീർന്നാലും തിരിച്ചുകിട്ടിയില്ല എന്ന പരാതി അടിക്കടി ഉണ്ടാകാറുണ്ട്. അന്വേഷണം തുടങ്ങുമ്പോൾ ജോലിയിലുണ്ടാകുന്ന പോലീസുകാരാകില്ല കേസ് തീരുമ്പോൾ സ്റ്റേഷനിലുണ്ടാകുക. അതുകൊണ്ട് തന്നെ വർഷങ്ങൾക്ക് മുമ്പ് പിടിച്ചെടുത്ത വസ്തുക്കൾ ചോദിച്ച് എത്തുന്നവർക്ക് മുന്നിൽ കൈമലർത്തി കാണിച്ചാൽ തീരും. ഒരു കേസ് അന്വേഷണം പൂർത്തിയാകുമ്പോഴേക്ക് സർട്ടിഫിക്കറ്റുകൾ മുതൽ ആഭരണങ്ങൾ വരെ ഇങ്ങനെ നഷ്ടപ്പെടുന്നത് പുതുമയല്ല.

ഉദാഹരണത്തിന് സാമ്പത്തിക തട്ടിപ്പിൻ്റെ പേരിൽ പൂട്ടിയ നിക്ഷേപ സ്ഥാപനത്തിനെതിരായ പരാതി അന്വേഷിക്കുമ്പോൾ പരാതിക്കാർ ഓരോരുത്തരും നിക്ഷേപിച്ച തുകയുടെ രേഖകൾ പോലീസ് ചോദിച്ചുവാങ്ങും. അതും ഒരോന്നിൻ്റെയും ഒറിജിനൽ തന്നെ വാങ്ങിവയ്ക്കും. ഇതിനിടെ പരാതിക്കാരിൽ ഒരുവിഭാഗം സമാന്തരമായി കോടതിയെ സമീപിക്കാൻ ശ്രമിക്കുന്നു എന്നിരിക്കട്ടെ, അപ്പോൾ ഒറിജിനൽ രേഖകൾ ആവശ്യമായി വരുകയും പോലീസിനെ സമീപിച്ചാൽ കിട്ടാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.

ലക്ഷക്കണക്കിന് പേർക്ക് പണം നഷ്ടപ്പെട്ട പല കേസുകളിലും സമാന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇനിയത് പറ്റില്ല. പോലീസിന് കൈമാറിയ രേഖകളുടെയെല്ലാം പട്ടിക തന്നെ പരാതിക്കാരൻ പക്കലുണ്ടാകും. അതിൽ പറയുന്ന ഓരോന്നും കൃത്യമായി സൂക്ഷിക്കാൻ പോലീസ് സ്റ്റേഷനുകളിൽ ക്രമീകരണം ഉണ്ടാകും. അന്വേഷണം തീരുന്ന മുറയ്ക്ക് ഓരോന്നും തിരിച്ച് കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഉത്തരവാദിയാകും. ഉദ്യോഗസ്ഥരെ സംബന്ധിച്ച് വലിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുന്നതും, അതേസമയം പൊതുജനത്തെ സംബന്ധിച്ച് ഏറെ ആശ്വാസകരവുമാണ് പുതിയ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version