മഞ്ചേരി: പ്രായപൂർത്തിയാകാത്ത 16, 17 ഉം വയസുള്ള രണ്ട് ആൺകുട്ടികളെ ആളുമാറി പൊലീസ് (POLICE) മർദ്ദിച്ച സംഭവത്തിൽ അന്വേഷണം പേരിനെന്ന് കുടുംബം. കഴിഞ്ഞ ഞായറാഴ്ച്ച ആണ് മലപ്പുറം പൂക്കോട്ടൂർ സ്വദേശികളായ വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റത്.
സംഭവത്തിൽ പൊലീസ് ദുർബല വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തെന്നാണ് കുടുംബത്തിന്‍റെ ആരോപണം. കരിപ്പൂർ എയർപോർട്ട് റോഡിലെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ ചടങ്ങിനിടയായിരുന്നു വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റത്. വിവാഹചടങ്ങിലെ സ്റ്റേജ് ഡെക്കറേഷന് സുഹൃത്തിനൊപ്പം പോയതായിരുന്നു വിദ്യാർത്ഥികൾ. ഇതിനിടെയാണ് ആള് മാറി മർദ്ദനമേൽക്കുന്നത്.
കേസിൽ പരാതി നൽകി ഇത്ര ദിവസമായിട്ടും ഓഡിറ്റോറിയത്തിലെ സിസിടിവിയും പൊലീസ് പരിശോധിച്ചിട്ടില്ലെന്ന് വിദ്യാർത്ഥിയുടെ പിതാവ് പറഞ്ഞു.പൊലീസിനെതിരെ ബാലാവകാശ കമ്മീഷനും കുടുംബം പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം