അനകപ്പള്ളി: ആന്ധ്രാപ്രദേശിൽ നൃത്ത പരിപാടിക്കിടെ കോഴിയെ കടിച്ചുകൊന്ന നർത്തകനെതിരെ കേസെടുത്ത് പൊലീസ്. പരിപാടിക്കിടെ കോഴിയുടെ തല കടിച്ച് കൊല്ലുന്നതായ ദൃശ്യം വൈറലായതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. ഇതേത്തുടര്‍ന്ന് പ്രതിഷേധമുയർത്തി മൃഗ സംരക്ഷണ സംഘടനകളും രംഗത്തെത്തി.
ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം അവതാരകനും സംഘാടകർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സദസ്സില്‍ കുട്ടികളുള്‍പ്പെടെ സാക്ഷിയായിരുന്നു. സംഘമായുള്ള നർത്തകരുടെ നടുവിൽ നിന്ന ആളുടേതായിരുന്നു വിചിത്ര നടപടി. ചത്ത കോഴിയുമായി സ്റ്റേജിന് മുന്നിലേക്ക് വന്നും ഇയാള്‍ നൃത്തം ചെയ്തു. കോഴിയുടെ ചോര വായിലെടുത്ത ശേഷം പുറത്തേക്ക് തുപ്പുന്നതടക്കമുള്ള ഞെട്ടിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്.
‘മൃഗങ്ങളോട് ക്രൂരത കാണിക്കുന്ന ആളുകൾ കുറ്റവാളികളാണെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. അവർ മനുഷ്യരെപ്പോലും വേദനിപ്പിക്കാന്‍ മടിക്കില്ലെന്ന് ഫോറൻസിക് റിസർച്ച് ആൻഡ് ക്രിമിനോളജി ഇൻ്റർനാഷണൽ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നുണ്ട്. മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്നവർ കൊലപാതകം, ബലാത്സംഗം, കവർച്ച, ആക്രമണം, മയക്കുമരുന്ന് ഉപയോഗം എന്നിവ ഉൾപ്പെടെയുള്ള മറ്റ് കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള സാധ്യത മൂന്ന് മടങ്ങ് കൂടുതലാണ്’, പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്മെൻ്റ് ഓഫ് ആനിമൽസ് (പെറ്റ ഇന്ത്യ) പ്രതിനിധികൾ പറഞ്ഞു.