മുവാറ്റുപുഴ: പുഴയിൽ ചാടി ജീവനൊടുക്കാന്‍ എത്തിയ യുവാവ് മദ്യ ലഹരിയിൽ പാലത്തിനോടു ചേർന്നുള്ള ജല അതോറിറ്റി പൈപ്പുകൾക്കിടയിൽ കിടന്ന് ഉറങ്ങി.
പുഴയിലേക്കു വീഴുന്ന രീതിയിൽ കിടന്ന് ഉറങ്ങിയ യുവാവിനെ പൊലീസ് എത്തി രക്ഷിക്കുകയായിരുന്നു. കച്ചേരിത്താഴത്ത് ഇന്നലെ മൂന്ന് മണിയോടെയാണ് സംഭവം. പള്ളുരുത്തി സ്വദേശി കല്ലൂചിറ അസീബ് (38) ആണ് പാലത്തിന്റെ കൈവരിക്ക് അപ്പുറം പുഴയിലേക്കു വീഴാവുന്ന രീതിയിൽ പൈപ്പുകൾക്കിടയിൽ കിടന്ന് ഉറങ്ങിയത്.
പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കാൻ എത്തിയതായിരുന്നു അസീബെന്ന് പൊലീസ് പറഞ്ഞു. ചാടാനായി പഴയ പാലത്തിന്റെ കൈവരികൾ കടന്ന് ജല അതോറിറ്റി പൈപ്പുകളിൽ നിൽക്കുമ്പോഴാണ് ഉറക്കം പിടികൂടിയത്. പാലത്തിലൂടെ നടന്നു പോയ ചിലരാണ് ഇയാളെ കണ്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് എസ്എ കെ കെ രാജേഷിന്റെ നേത്യത്വത്തിൽ എത്തിയ പൊലീസ് സംഘമാണ് അസീബിനെ ഇവിടെ നിന്നു പുറത്തെത്തിച്ചത്. ഉറക്കത്തിനിടയിൽ യുവാവ് മറുവശത്തേക്ക് തിരിയാതിരുന്നതിനാലാണ് അപകടം ഒഴിവായത്.