തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ ദിവസം കഴിയുന്തോറും ലഹരി ഉപയോഗം കൂടി വരുന്ന സാഹചര്യമാണ്. അതേപോലെ തന്നെ, ലഹരി മാഫിയ പുതിയ തന്ത്രങ്ങൾ മെനഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്.
കുട്ടികളെ വശത്താക്കാൻ കഞ്ചാവ് (cannabis)ചേർത്ത മിഠായികൾ സംസ്ഥാനത്ത് വ്യാപകമായി വിതരണം ചെയ്യുന്നുണ്ടെന്ന് എക്സൈസിന്‍റെ കണ്ടെത്തൽ. രണ്ട് ജില്ലകളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് വിൽപ്പനക്കാരിൽ നിന്നും പിടികൂടിയ മിഠായികൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്.
ആലപ്പുഴയിലും തൃശൂരിലും കഞ്ചാവ് വിൽപ്പനക്കാരിൽ നിന്നും അടുത്തിടെ എക്സൈസ് സംശയകരമായി മിഠായികൾ പിടിച്ചെടുത്തിരുന്നു. സംശയം തോന്നി ഏക്സൈസ് സംഘം മിഠായികൾ പരിശോധനക്കയച്ചു. ഒടുവിൽ പിടികൂടിയ മിഠായികളിൽ കഞ്ചാവിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ലാബ് പരിശോധനാ ഫലം പുറത്തു വന്നു. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയ പുതിയ പരീക്ഷണത്തിനിറങ്ങുന്നതെന്നും മാതാപിതാക്കളും അധ്യാപകരും ജാഗ്രത പാലിക്കണമെന്നും എക്സൈസ് ഡിപ്പാർട്ട്മെന്‍റ് മുന്നറിപ്പ് നൽകി. സംശയകരമായി കുട്ടികളുടെ കയ്യിൽ ഇത്തരത്തിൽ എന്തെങ്കിലും കണ്ടെത്തിയാൽ ഉടനെ വിവരം അറിയിക്കണമെന്നും എക്സൈസ്. എക്സൈസ് കൺട്രോൾ റൂം നമ്പറുകൾ: 9447178000, 9061178000