ലഖ്നൗ: ഉത്തർപ്രദേശിൽ കൈക്കൂലിയായി കൂളർ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സസ്പെൻഡ് ചെയ്തു. കിഴക്കൻ ഉത്തർപ്രദേശിലെ മൗ ജില്ലയിലെ മധുബൻ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ മനീഷ് കുമാർ പ്രജാപതി എന്നയാളാണ് കൈക്കൂലിയായി കൂളറും 6,000 രൂപയും ആവശ്യപ്പെട്ടത്. കത്ഘര ശങ്കർ വില്ലേജിൽ നിന്നുള്ള ഓം പ്രകാശ് ശർമ എന്നയാളോടാണ് മനീഷ് കുമാർ കൈക്കൂലി ആവശ്യപ്പെട്ടത്. സംഭവം പുറത്തായതോടെ മനീഷിനെ സസ്പെൻഡ് ചെയ്തു.
പരാതിയുമായെത്തിയ തന്നോട് മനീഷ് കൈക്കൂലി ചോദിച്ചെന്നും അപമാനിച്ചെന്നുമെന്ന് ചൂണ്ടിക്കാട്ടി ഓം പ്രകാശ് ശർമ നൽകിയ പരാതിയിലാണ് നടപടി. കൈക്കൂലി ചോദിച്ചതിന് പുറമെ തന്റെ ഭാര്യയോട് ഫോണിൽ കൂടി മനീഷ് കുമാർ മോശമായി സംസാരിച്ചെന്നും അപമാനിച്ചെന്നും പരാതിയിൽ പറയുന്നു. തെളിവായി ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയും ഓം പ്രകാശ് പരാതിക്കൊപ്പം നൽകുകയും ചെയ്തു. മധുബൻ സർക്കിൾ ഓഫീസർ അഭയ് കുമാർ സിംഗ് നടത്തിയ അന്വേഷണത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെയുള്ള ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തി. തുടർന്നാണ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്.
അടുത്തിടെ മറ്റൊരു കൈക്കൂലി കേസിൽ ഉത്തർ പ്രദേശിൽ ഒരു സബ് ഇൻസ്പ്ക്ടർക്കും സസ്പെൻഷൻ ലഭിച്ചിരുന്നു. യുപിയിലെ കനൗജിൽ ആണ് ഒരു കേസ് ഒത്തുതീർപ്പാക്കാൻ പൊലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി ചോദിച്ചത്. പരാതിക്കാരനോട് കൈക്കൂലിയായി “ഉരുളക്കിഴങ്ങ്” വേണണെന്നായിരുന്നു ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ “ഉരുളക്കിഴങ്ങ്” എന്ന വാക്ക് കൈക്കൂലിയുടെ കോഡ് വാക്കായി ആണ് ഉപയോഗിച്ചതെന്ന് കണ്തെത്തി.
രാം കൃപാൽ സിംഗ് എന്ന പൊലീസുകാരനാണ് കർഷകനായ പരാതിക്കാരനോട് കൈക്കൂലി ചോദിച്ചത്. ഇതിന്റെ ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കർഷകനോട് 5 കിലോ “ഉരുളക്കിഴങ്ങ്” ആണ് എസ്ഐ ആവശ്യപ്പെട്ടത്. എന്നാൽ തനിക്ക് അത്രയും തരാനാകില്ലെന്നും പകരം 2 കിലോ തരാമെന്നും കർഷകൻ പറയുന്നത് ഓഡിയോയിൽ കേൾക്കാം. പിന്നീട് പിന്നീട് 3 കിലോ എന്ന നിരക്കിൽ ഡീൽ ഉറപ്പിക്കുകയും ചെയ്തു. ഓഡിയോ വൈറലായതോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് എസ്ഐക്കെതിരെ കൈക്കൂലി വാങ്ങിയതിന് നടപടിയെടുത്തത്.