കല്ലുവാതുക്കലിൽ കരിയിലക്കൂട്ടത്തില്‍ നവജാത ശിശു ഉപേക്ഷിക്കപ്പെടുകയും മരണപ്പെടുകയും ചെയ്ത സംഭവത്തിൽ അമ്മയ്ക്ക് പത്തു വർഷം ശിക്ഷ. ഒരിക്കലും കണ്ടിട്ടില്ലാത്ത കാമുകന് വേണ്ടി ജനിച്ചയുടൻ ആൺകുഞ്ഞിനെ ഉപേക്ഷിച്ച രേഷ്മയെയാണ് കോടതി ശിക്ഷിച്ചത്. കാമുകനോടൊപ്പം പോകാൻ പൊക്കിൾകൊടി പോലും മുറിച്ചുമാറ്റാതെയാണ് കുഞ്ഞിനെ അമ്മ കരിയിലക്കൂനയിൽ ഉപേക്ഷിച്ചത്. തടവുശിക്ഷക്കൊപ്പം അമ്പതിനായിരം രൂപ പിഴയും കോടതി വിധിച്ചു.
തുടക്കം മുതൽ അടിമുടി ദുരൂഹത നിറഞ്ഞതായിരുന്നു ഈ കേസ്. അനന്തു എന്ന കാമുകനൊപ്പം പോകാൻ വേണ്ടിയാണ് രേഷ്മ പ്രസവിച്ച ഉടൻ കുട്ടിയെ ഉപേക്ഷിച്ചത്. പോലീസ് നടത്തിയ പരിശോധനയിൽ കുഞ്ഞ് രേഷ്മയുടേയും ഭർത്താവ് വിഷ്ണുവിൻ്റെതുമാണെന്ന് തെളിഞ്ഞു. പ്രണയിച്ച് വിവാഹം കഴിച്ച രേഷ്മയ്ക്കും വിഷ്ണുവിനും മറ്റൊരു കുട്ടിയും ഉണ്ട്. കാമുകനൊപ്പം ജീവിക്കാൻ രണ്ടാമത്തെ കുഞ്ഞ് തടസമാകും എന്നു കരുതിയാണ് ഉപേക്ഷിച്ചത്. ഗർഭിണിയാണെന്ന വിവരം അത്രയും നാൾ അതിവിദഗ്ധമായി വീട്ടുകാരിൽ നിന്നും മറയ്ക്കുകയും ചെയ്തു.
പോലീസ് നടത്തിയ അന്വേഷണത്തിൽ രേഷ്മയുമായി ചാറ്റ് ചെയ്തത ‘അനന്തു’ എന്ന കാമുകന്‍ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമാണെന്ന് കണ്ടെത്തിയിരുന്നു. ഇവർ പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു. രേഷ്മ വഞ്ചകിയാണെന്ന കുറിപ്പ് എഴുതിവെച്ച ശേഷം ആറ്റിൽ ചാടി ജീവനൊടുക്കിയത്. ഗ്രീഷ്മയുടെ ഒരു സുഹൃത്തിൻ്റെ മൊഴിയാണ് ഒടുവിൽ രേഷ്മയുടെ കാമുകൻ ആരാണ് എന്നതിൻ്റെ ചുരുളഴിച്ചത്. വ്യാജ ഫേസ്ബുക്ക് ഐഡിയിലൂടെ ഇവർ രേഷ്മയെ കബളിപ്പിക്കുയായിരുന്നു എന്നാണ് അവർ പോലീസിനോട് പറഞ്ഞത്.
കൂടുതൽ അന്വേഷണത്തിലൂടെ ഗ്രീഷ്മയുടെ സുഹൃത്ത് പറഞ്ഞത് ശരിയാണെന്ന് പോലീസിന് ബോധ്യപ്പെട്ടു. ഗർഭിണിയാണെന്ന വിവരം ‘ അനന്തു’ എന്ന വ്യാജ കാമുകനോടും രേഷ്മ മറച്ചുവെച്ചിരുന്നു. ആര്യയും ഗ്രീഷ്മയും കബളിപ്പിക്കുകയായിരുന്നു എന്ന് പറഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാൻ രേഷ്മ തയ്യാറായില്ല. ഒടുവിൽ സത്യം ബോധ്യമായപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ പൊട്ടിക്കരയുകയായിരുന്നു. നേരമ്പോക്കിന് വേണ്ടി തുടങ്ങിയ ചാറ്റിംഗ് ഒടുവിൽ മൂന്ന് ജീവനുകൾ നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് എത്തുകയായിരുന്നു.