കോട്ടയം: ഭിന്നശേഷിക്കാരന് സ്പെഷ്യൽ സ്കൂളിൽ ക്രൂര മർദ്ദനമേറ്റെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ കേസെടുത്ത് തിരുവല്ല പോലീസ്. തിരുവല്ല ചാത്തങ്കരി സ്വദേശിയായ പതിനാറുകാരനാണ് ക്രൂരമർദ്ദനമേറ്റത്. തിരുവനന്തപുരം വെള്ളറട സ്നേഹ ഭവൻ സ്പെഷൽ സ്കൂളിലെ വിദ്യാർത്ഥിയാണ് പതിനാറുകാരൻ. സ്നേഹഭവൻ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷീജ, ജീവനക്കാരി സിസ്റ്റർ റോസി എന്നിവരെയാണ് പ്രതിചേർത്തത്. ജുവനൈൽ, ഭിന്നശേഷി സംരക്ഷണ നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ.
ദേഹമാസകലം മർദ്ദനമേറ്റ പാടുകളുമായാണ് ചാത്തങ്കരി സ്വദേശിയായ പതിനാറുകാരൻ ആശുപത്രിയിൽ എത്തിയത്. ഡോക്ടറാണ് പൊലീസിലും ചൈൽഡ് ലൈനിലും വിവരമറിയിച്ചത്. 2023 ജൂണിലാണ് കുട്ടിയെ വെള്ളറടയിലെ സ്പെഷ്യൽ സ്കൂളിൽ ചേർത്തത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വീട്ടിലേക്ക് കൊണ്ടുവന്നതെന്നും കുട്ടിയുടെ അമ്മ പറയുന്നു.അപ്പോഴാണ് ദേഹത്തെ മർദ്ദനമേറ്റ പാടുകൾ കണ്ടത്. തുടർന്ന് ചികിത്സ തേടി. ക്രൂരമായ മർദ്ദനമാണ് കുട്ടിക്ക് ഏറ്റതെന്ന് ഡോക്ടറും സ്ഥിരീകരിച്ചു. കുട്ടിക്ക് മുൻപും മർദ്ദനമേറ്റിട്ടുള്ളതായി അമ്മ പറഞ്ഞു. അന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടവർ മാപ്പ് പറഞ്ഞു.