തിരുവനന്തപുരം: മദ്യലഹരിയിൽ പൊലീസുദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. കഴക്കൂട്ടം എസ്.ഐയെയാണ് ഇവർ കയ്യേറ്റം ചെയ്തത്. അക്രമത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് തിരിച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ഞായറാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.
സി.പി.എം ശ്രീകാര്യം ബ്രാഞ്ച് സെക്രട്ടറി ഷഹീൻ, നിധിൻ, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി മനു കൃഷ്ണൻ, ജോഷി ജോൺ എന്നിവർക്കെതിരെയാണ് കേസ്. മദ്യലഹരിയിൽ കടയിലെത്തി ബഹളമുണ്ടാക്കിയ പ്രതികൾ ഇത് തടയാനെത്തിയ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ എസ്.ഐ മിഥുനെ കയ്യേറ്റം ചെയ്യുകയും തള്ളിയിടുകയും ചെയ്തു. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. കാര്യവട്ടം ജംഗ്ഷന് സമീപത്തെ കടയിലെത്തിയ പ്രതികൾ ജ്യൂസ് ആവശ്യപ്പെട്ടു. ഇത് നൽകാൻ വൈകിയതോടെ കടയിലെ ജീവനക്കാരനുമായി തർക്കമുണ്ടായി.
പിന്നാലെ കടയുടമയെയും മർദിച്ചു. സി.പി.എം പ്രവർത്തകരാണെന്നും കാണിച്ചുതരാമെന്നും അക്രമികൾ ഭീഷണിപ്പെടുത്തിയതായി കടയുടമ പറഞ്ഞു. വിവരമറിഞ്ഞെത്തിയ കഴക്കൂട്ടം എസ്.ഐയെയും കയ്യേറ്റം ചെയ്തു. കൂടുതൽ പൊലീസുകാർ സ്ഥലത്ത് എത്തിയതോടെ പ്രതികൾ രക്ഷപ്പെട്ടു. മദ്യലഹരിയിലാണ് നാല് പേരും കടയിലെത്തിയതെന്ന് ജീവനക്കാരും കടയുടമയും പൊലീസിനോട് പറഞ്ഞു. പ്രതികൾക്കെതിരെ രണ്ട് കേസുകൾ കഴക്കൂട്ടം പൊലീസ് രജിസ്റ്റർ ചെയ്തു.