കൊച്ചി: സ്വര്‍ണത്തരികളടങ്ങിയ മണ്ണ് വാഗ്ദാനം ചെയ്ത് അരക്കോടി രൂപ തട്ടിയ ഗുജറാത്ത് സംഘത്തെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് നാമക്കല്‍ സ്വദേശികളായ സ്വര്‍ണപ്പണിക്കാരെ കബളിപ്പിച്ച് 50 ലക്ഷം രൂപയും 18 ലക്ഷം രൂപയുടെ രണ്ട് ചെക്കും വാങ്ങി തട്ടിപ്പ് നടത്തിയ സൂറത്ത് സ്വദേശികളായ സന്ദീപ് ഹസ്മുഖ് ഭായ് (37), വിപുള്‍ മഞ്ചി ഭായ് (43), ധര്‍മേഷ് ഭായ് (38), കൃപേഷ് ഭായ് (35) എന്നിവരാണ് പിടിയിലായത്.

പാലാരിവട്ടം നോര്‍ത്ത് ജനതാ റോഡില്‍ കെട്ടിടം വാടകയ്ക്കെടുത്തായിരുന്നു തട്ടിപ്പ്. സ്വര്‍ണാഭരണ ഫാക്ടറിയില്‍നിന്ന് ശേഖരിച്ച സ്വര്‍ണത്തരികള്‍ അടങ്ങിയ മണ്ണാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. അഞ്ഞൂറോളം ചാക്കുകളില്‍ നിറച്ചുവച്ച മണ്ണില്‍നിന്ന് തമിഴ്‌നാട് സ്വദേശികളെക്കൊണ്ട് ഇവര്‍ അഞ്ചുകിലോ സാമ്പിള്‍ എടുപ്പിച്ചു.
തുടര്‍ന്ന് ഒരു മുറിയില്‍ പ്രത്യേകം തയ്യാറാക്കിയ മേശയ്ക്കുമുകളില്‍ വച്ച ത്രാസില്‍ സാമ്പിള്‍ തൂക്കി. ഈ സമയം ടേബിളിനടിയില്‍ ഒളിച്ചിരുന്ന പ്രതികളിലൊരാള്‍ ടേബിളിലും ത്രാസിലും നേരത്തേ സൃഷ്ടിച്ചിരുന്ന ദ്വാരത്തിലൂടെ സിറിഞ്ച് ഉപയോഗിച്ച് മണ്ണ് നിറച്ച കിറ്റിലേക്ക് സ്വര്‍ണലായനി കുത്തിവച്ചു. ഈ സാമ്പിളില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാനായതോടെ നാമക്കല്‍ സ്വദേശികള്‍ക്ക് വിശ്വാസമായി.

