വടക്കാഞ്ചേരി: റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് മനുഷ്യക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ മൂന്നുപേരെ വടക്കാഞ്ചേരി പോലീസ് എറണാകുളത്തുനിന്ന് അറസ്റ്റുചെയ്തു.
തയ്യൂർ റഷ്യയിൽ കൂലിപ്പട്ടാളത്തിന്റെ പിടിയിലകപ്പെട്ട് കൊല്ലപ്പെട്ട ബിനിലിന്റെ ഭാര്യ ജോയ്സി, പരിക്കേറ്റ ജെയിനിന്റെ പിതാവ് കുരിയൻ എന്നിവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് വടക്കാഞ്ചേരി പോലീസ് കേസെടുത്തത്. പാടത്ത് വീട്ടിൽ സിബി, എറണാകുളം സ്വദേശി സന്ദീപ്, ചാലക്കുടി സ്വദേശി സുമേഷ് ആന്റണി (സ്റ്റീവ് ആന്റണി) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
റഷ്യയിൽ കൂലിപ്പട്ടാളത്തിന്റെ പിടിയിലകപ്പെട്ട് യുദ്ധത്തിനിടെ കൊല്ലപ്പെട്ട കുട്ടനെല്ലൂർ തോളത്ത് ബിനിൽ (31), പരിക്കേറ്റ തെക്കുംകര കുത്തുപാറ തെക്കേമുറിയിൽ ജെയിൻ(28) എന്നിവരുടെ ബന്ധുക്കളാണ് ഇവർക്കെതിരേ പരാതി നൽകിയത്. ബിനിലിന്റെ ഭാര്യയുടെ ബന്ധുവാണ് ജെയിൻ. ജെയിനിന്റെ പിതാവ് കുരിയൻ, ബിനിലിന്റെ ഭാര്യ ജോയ്സി എന്നിവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് വടക്കാഞ്ചേരി പോലീസ് കേസെടുത്തത്. ജില്ലാ പോലീസ് കമ്മിഷണർക്കും ഇവർ പരാതി നൽകിയിരുന്നു. പരാതിക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.