കോഴിക്കോട്: പോക്സോ കേസിൽ നടനും ടെലിവിഷൻ അവതാരകനുമായ കൂട്ടിക്കൽ ജയചന്ദ്രൻ 6 മാസത്തിലേറെ നീണ്ട ഒളിവു ജീവിതത്തിനു ശേഷം കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിൽ ഹാജരായി.

പൊലീസ് ജയചന്ദ്രനെ ചോദ്യം ചെയ്യുകയാണ്. നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കോഴിക്കോട് കസബ പൊലീസാണു ജയചന്ദ്രനെതിരെ കേസെടുത്തത്.

ഫെബ്രുവരി 28 വരെ ജയചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്നു സുപ്രീംകോടതി ഉത്തരവുണ്ട്. മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവുണ്ടാകുംവരെ അറസ്റ്റ് പാടില്ലെന്നാണു നിർദേശം. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി പറഞ്ഞിരുന്നു. പോക്സോ നിയമങ്ങൾ ദുരുപയോഗം ചെയ്ത കേസാണെന്നും പരാതിക്കു പിന്നിൽ മറ്റു കാരണങ്ങളുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ നടൻ ചൂണ്ടിക്കാട്ടി.

