തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. അഡ്മിഷന്‍ ഗേറ്റ്‌വേ വഴി ഫലം പരിശോധിക്കാം. എസ്.എസ്.എല്‍.സി പുനര്‍മൂല്യനിര്‍ണയത്തിലെ ഫലം ട്രയല്‍ അലോട്ട്‌മെന്റില്‍ പരിഗണിച്ചിട്ടില്ല. ട്രയല്‍ അലോട്ട്‌മെന്റിന് ശേഷം അപേക്ഷയിലെ തെറ്റുകള്‍ തിരുത്താന്‍ അവസരം നല്‍കും. മെയ് 31ന് വൈകിട്ട് അഞ്ച് വരെ ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കാം.
തിരുത്തലുകള്‍ ആവശ്യമെങ്കില്‍ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകള്‍/ ഉള്‍പ്പെടുത്തലുകള്‍ വരുത്തി മെയ് 31ന് വൈകിട്ട് അഞ്ചിനകം ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നടത്തണം. ഇതിന് ശേഷം തിരുത്തലുകള്‍ വരുത്താന്‍ കഴിയില്ല. ഇതിനുള്ള സഹായം സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറികളിലെ ഹെല്‍പ് ഡെസ്‌ക്കുകളില്‍ ലഭ്യമാണ്. ജൂണ്‍ അഞ്ചിനാണ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക.
സംസ്ഥാനത്ത് ആകെ പ്ലസ് വണ്‍ പ്രവേശനത്തിനായി 4,65,960 വിദ്യാര്‍ഥികളാണ് ഇക്കുറി ഏകജാലകം മുഖേന അപേക്ഷിച്ചിട്ടുള്ളത്. പ്ലസ് വണ്‍ അപേക്ഷകരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ മലപ്പുറത്താണ്.8 2434 വിദ്യാര്‍ഥികളാണ് മലപ്പുറത്ത് ഇക്കുറി അപേക്ഷിച്ചിട്ടുള്ളത്. മുന്‍വര്‍ഷത്തേക്കാള്‍ 6,600ഓളം അപേക്ഷകര്‍ കൂടുതലാണ്, മലബാറില്‍ മാത്രം 5000 അപേക്ഷകള്‍ വര്‍ധിച്ചു. അതുകൊണ്ടു തന്നെ സീറ്റ് പ്രതിസന്ധിയും രൂക്ഷമാകാനാണ് സാധ്യത.