Politics
‘പാർട്ടി നടപടിയെടുത്തതായി അറിയില്ല, ഒരു സ്ഥാനവും രാജിവെക്കില്ല’; രാജി വാർത്ത തള്ളി പി കെ ശശി
തിരുവനന്തപുരം: കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന് പി കെ ശശി. പാർട്ടി തനിക്കെതിരെ നടപടിയെടുത്തതായി അറിയില്ലെന്നും എല്ലാം കല്പിത കഥകളെന്നും പി കെ ശശി മാധ്യമങ്ങളോട് പറഞ്ഞു.
കെടിഡിസിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ചെയ്യാനാണ് കഴിഞ്ഞ ദിവസം തലസ്ഥാനത്തേക്ക് വന്നത്. അല്ലാതെ രാജി സമർപ്പിക്കാനല്ല. പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെപ്പറ്റി ചോദിച്ചപ്പോൾ തനിക്കതൊന്നും അറിയില്ലെന്ന് പറഞ്ഞ് പി കെ ശശി ഒഴിഞ്ഞുമാറി. യൂണിവേഴ്‌സല്‍ സഹകരണ കോളേജിനായി പണം പിരിച്ച വിഷയം ചോദിച്ചപ്പോളും കൃത്യമായ മറുപടിയുണ്ടായില്ല.
പി കെ ശശിക്കെതിരെ സിപിഐഎം അന്വേഷണ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ ഗുരുതര കണ്ടെത്തലുകളാണ് ഉണ്ടായിരുന്നത്. പാര്‍ട്ടി ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ തിരിമറി ചെയ്ത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നതായിരുന്നു പ്രധാന കണ്ടെത്തല്‍. കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത സാമ്പത്തിക തിരിമറിയും സ്വജനപക്ഷ നിലപാടും പി കെ ശശി സ്വീകരിച്ചുവെന്നാണ് സിപിഐഎം പാലക്കാട് ജില്ലാ കമ്മറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നത്.
പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിറ്റിയാണ് ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തിയത്. ഔദ്യോഗിക പദവി ദുരപയോഗം ചെയ്ത് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ കഴമ്പുണ്ടെന്നായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയത്.