പാലക്കാട്ടെ പ്രധാന നേതാക്കളില്‍ ഒരാളായ പികെ ശശിയെ സിപിഎമ്മില്‍ നിന്ന് വെട്ടിനിരത്തിയത് എല്ലാ സാധ്യതകളും പൂര്‍ണ്ണമായും അടച്ച്. ശശി നിർണ്ണായക സ്ഥാനങ്ങളിലേക്ക് തിരികെയെത്താനുളള എല്ലാ പഴുതുകളും അടച്ചാണ് അച്ചടക്ക നടപടി എടുത്തിരിക്കുന്നത്. പാര്‍ട്ടി സമ്മേളനങ്ങള്‍ അടുത്തിരിക്കെ തിരക്കിട്ട് ഒരു പ്രധാന നേതാവിനെതിരെ നടപടി സിപിഎമ്മില്‍ പതിവില്ല. എന്നാല്‍ ശശിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തന്നെ നേരിട്ട് പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗം നടപടിയെടുത്തിന് പിന്നില്‍ വലിയ കണക്കുകൂട്ടലുകളാണ്.
ആറു വര്‍ഷത്തിനിടെ മൂന്ന് അച്ചടക്ക നടപടികള്‍ നേരിട്ട ശശിയെ പൂര്‍ണ്ണമായി വെട്ടിനിരത്തുകയാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ ജില്ലാ കമ്മറ്റിയംഗമാണ് ശശി. ജില്ലയില്‍ നിര്‍ണ്ണായക സ്വാധീനമുളള ശശി പാര്‍ട്ടിയിലെ ഉപരി കമ്മറ്റികളിലേക്ക് ഔദ്യോഗിക പാനലിനെതിരെ വിമതനായി മത്സരിക്കാനുള്ള സാധ്യതയുണ്ട്. ഇത് അടക്കുകയാണ് അച്ചടക്ക നടപടിയിലൂടെ ശശി വിരുദ്ധപക്ഷം ചെയ്തിരിക്കുന്നത്. പാര്‍ട്ടി നടപടികള്‍ നേരിട്ടവര്‍ തൊട്ടടുത്ത സമ്മേളനങ്ങളില്‍ മത്സരിക്കേണ്ടെന്ന് കഴിഞ്ഞ സംസ്ഥാനസമ്മേളനത്തില്‍ തന്നെ ധാരണയുണ്ടായിരുന്നു. ഇതിന്റെ കൃത്യമായ ഉപയോഗമാണ് ശശിയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.
പികെ ശശിക്ക് നേരത്തെ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് പൂര്‍ണ്ണമായി നഷ്ടമായിട്ടുണ്ട്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയുടെ പരാതിയെത്തുടര്‍ന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഷനിലായിരുന്ന ശശി. തീവ്രതകുറഞ്ഞ പീഡനം എന്ന ന്യായീകരണം ഈ പരാതിക്ക് നല്‍കിയത് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളായ എകെ ബാലനും പികെ ശ്രീമതിയും അടങ്ങിയ അന്വേഷണ കമ്മീഷനായിരുന്നു. ഇതോടെ സസ്‌പെന്‍ഷന്‍ കാലാവധിക്കുശേഷം ജില്ലാ കമ്മിറ്റിയിലും തുടര്‍ന്ന് ജില്ലാ സെക്രട്ടേറിയറ്റിലും തിരിച്ചെത്തി. ഫണ്ട് തട്ടിപ്പ് ആരോപണം ഉയര്‍ന്നപ്പോള്‍ ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തി. ഇതിനിടയില്‍ തന്നെയായിരുന്നു കെടിഡിസി ചെയര്‍മാന്‍ സ്ഥാനവും ലഭിച്ചത്. എന്നാല്‍ സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ഈ പിന്തുണ ഇപ്പോള്‍ ശശിക്കില്ല.
മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫിസ് നിര്‍മ്മാണ ഫണ്ടില്‍ തിരിമറി നടത്തി എന്നതടക്കമുളള ആരോപണങ്ങള്‍ അന്വേഷിച്ചത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പുത്തലത്ത് ദിനേശനും ആനാവൂര്‍ നാഗപ്പനും അടങ്ങുന്ന സമിതിയായിരുന്നു. സമതി റിപ്പോര്‍ട്ടാകട്ടെ ശശിക്കെതിരും. ഇതോടെയാണ് അവസരം മുതലാക്കി ശശിയെ പൂര്‍ണ്ണമായി വെട്ടിനിരത്താന്‍ ഇപ്പോഴത്തെ ജില്ലാ നേതൃത്വം നീക്കം നടത്തിയത്. കടുത്ത നടപടി പാലക്കാട്ടെ ശശി അനുകൂലികള്‍ക്കുള്ള സന്ദേശം കൂടിയാണ്.
സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് കൂടിയായ ശശിയുടെ പൂര്‍ണ്ണനിയന്ത്രണത്തിലാണ് മണ്ണാര്‍ക്കാട്ട് ഏരിയാ കമ്മറ്റിയുടെ പ്രവര്‍ത്തനം. ശശിയെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയതോടെ പ്രവര്‍ത്തിക്കേണ്ട ബ്രാഞ്ച് കമ്മിറ്റി വീടുള്ള ശ്രീകൃഷ്ണപുരം മേഖലയിലേക്ക് മാറും. ഇതോടെ മണ്ണാര്‍ക്കാട് ശശിയുടെ നിയന്തണത്തില്‍ നിന്നും മാറ്റാന്‍ കഴിയുമെന്നാണ് ജില്ലാ നേതൃത്വം കണക്കാക്കുന്നത്. ഇതിനുള്ള നടപടിയുടെ ഭാഗമായാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടിഎം ശശിക്ക് ഏരിയാ കമ്മിറ്റിയുടെ ചുമതല നല്‍കിയിരിക്കുന്നത്.
ഇതുവരെ ശശിക്കെതിരായ നടപടികള്‍ കൃത്യമായി നടപ്പാക്കാന്‍ ജില്ലാ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്. ജില്ലയില്‍ ശക്തമായ സ്വാധീനവും അണികളുടെ പിന്തുണയുമുള്ള ശശിയുടെ തുടര്‍ നീക്കം എന്താകും എന്നത് അനുസരിച്ചാകും പാലക്കാട്ടെ സിപിഎമ്മിന്റെ ഭാവി.