പാലക്കാട്: സിപിഐഎം നേതൃത്വത്തിനെതിരെ ഒളിയമ്പുമായി അച്ചടക്ക നടപടിയ്ക്ക് വിധേയനായ സിപിഐഎം നേതാവ് പി കെ ശശി. നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനങ്ങൾ ഉന്നയിച്ചുള്ള ശശിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ചർച്ചയാകുന്നത്. ‘അപ്പൊക്കാണുന്നവനെ അപ്പാ എന്ന് വിളിക്കാനും കാര്യം കാണാൻ ഏതവന്റെയും പെട്ടി ചുമക്കാനും മടിയില്ലാത്തവർക്ക് സുന്ദര കാലമായിരുന്നു’ എന്ന് തുടങ്ങുന്ന കുറിപ്പ് സിപിഐഎം നേതൃത്വത്തിനെതിരായ പരോക്ഷ വിമർശനമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അപ്പപ്പോ കാണുന്നവനെ അപ്പാ എന്ന് വിളിക്കാനും കാര്യം കാണാൻ ഏതവന്റെയും പെട്ടി ചുമക്കാനും മടിയില്ലാത്തവർക്ക് സുന്ദര കാലമായിരുന്നു എന്നും അവരെ കാത്തിരിക്കുന്നത് മഹാ ദുരന്തമായിരിക്കും എന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിൽ പി കെ ശശി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കൂടെ നിന്ന് കുതികാൽവെട്ടിയും ചതിച്ചും ഖിയാമം നാൾ വരെ സുഖിക്കാമെന്ന് കരുതുന്നവർക്ക് നഷ്ടത്തിന്റെയും മോഹഭംഗതിന്റെയും കാലമായിരിക്കും വരാനിരിക്കുന്നത് എന്നും പി കെ ശശി മുന്നറിയിപ്പ് നൽകുന്നുണ്ട്. ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഒരു കാര്യം ഓർക്കുക, വരും കാലം നിങ്ങളുടേതല്ല എന്ന് പറഞ്ഞുകൊണ്ടാണ് ശശി കുറിപ്പ് അവസാനിപ്പിക്കുന്നത്.
പ്രാഥമിക അംഗത്വത്തിലേയ്ക്ക് തരംതാഴ്ത്തിയ നടപടിയിൽ സിപിഐഎം നേതൃത്വത്തിനെതിരെയുള്ള ശശിയുടെ ഒളിയമ്പാണ് ഈ പോസ്റ്റ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും പി കെ ശശിയെ പുറത്താക്കൻ നേരത്തെ സിപിഐഎം തീരുമാനിച്ചിരുന്നു.