തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വരുന്നതും വാണം വിട്ട പോലെ പോകുന്നതും കണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സഭയെ ഒന്നടങ്കം അമ്പരപ്പിച്ച് ഒന്നേകാല്‍ മിനിറ്റിനകം പ്രസംഗം അവസാനിപ്പിച്ച് ഗവര്‍ണര്‍ മടങ്ങിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ഞങ്ങളെല്ലാം അത്ഭുതപ്പെട്ടിരിക്കുകയാണ്. ഗവർണർ വരുന്നത് കണ്ടു, വാണം വിട്ട പോലെ പോകുന്നതും കണ്ടു. പോകുമ്പോ ഞങ്ങളൊക്കെ അങ്ങോട്ട് വണങ്ങാൻ തയാറായി ഇരിക്കുകയായിരുന്നു. ഒന്ന് തിരിഞ്ഞുപോലും നോക്കിയില്ല . ഒറ്റ പോക്കാ. നിയമസഭയെ തന്നെ അപമാനിക്കുന്ന നടപടിയായിരുന്നു” – കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം ഭരണാഘടനാ ബാധ്യതയുള്ള ഗവര്‍ണര്‍ നിയമസഭയെ ആവഹേളിച്ചതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച ഗവര്‍ണറുടെ നടപടിയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.