തിരുവനന്തപുരം: യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ച് സിജെഎം കോടതി. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് വാറൻ്റ്. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകൾ നിയമസഭയിലേക്ക് നടത്തിയ മാർച്ചില്‍ സംഘർഷമുണ്ടായ കേസിലെ 28-ാം പ്രതിയാണ് ഫിറോസ്. അന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഫിറോസിന് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
നേരത്തെ, വിവിധ ചടങ്ങുകളിലായി വിദേശത്ത് പോകണമെന്ന ആവശ്യം ഉന്നയിച്ച് ഫിറോസ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാല്‍ പ്രതിയുടെ ആവശ്യം പരിഗണിക്കുന്നത് നിയമത്തെ വെല്ലുവിളിക്കുന്നതാണെന്ന് കോടതി നിലപാട് സ്വീകരിച്ചു. ഇത് മറികടന്നാണ് ഫിറോസിൻ്റെ വിദേശ യാത്ര.
തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സുജ കെ എം ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. പാസ്പോർട്ട് കെട്ടിവയ്ക്കണമെന്ന വ്യവസ്ഥ പാലിക്കാതിരുന്നതിനെ തുടർന്നാണ് കോടതി അറസ്റ്റ് വാറണ്ട് നൽകിയത്. അഭിഭാഷകനെയടക്കം വിളിച്ചുവരുത്തി ഫിറോസ് എവിടെയെന്ന് കോടതി ചോദിച്ചു. ഇതിന് ഉത്തരമായി അഭിഭാഷകൻതന്നെയാണ് ഫിറോസ് തുർക്കിയിലാണെന്ന് വെളിപ്പെടുത്തിയത്. ഇതോടെയാണ് കോടതി ഫിറോസിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.