Politics
ചർച്ച ചെയ്യേണ്ടത് പുസ്തകമല്ല, മതനിരപേക്ഷത; മതരാഷ്ട്ര വാദികളോട് ഇടതുപക്ഷത്തിന് വിട്ടുവീഴ്ചയില്ല: പി ജയരാജൻ
കൽപ്പറ്റ: ഈ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത് തന്‍റെ പുസ്തകമല്ല മതനിരപേക്ഷതയാണെന്ന് സിപിഐഎം നേതാവ് പി ജയരാജൻ. മതനിരപേക്ഷതയാണ് എൽഡിഎഫിന്റെ ലക്ഷ്യം. മതരാഷ്ട്ര വാദികളോട് ഇടതുപക്ഷത്തിന് വിട്ടുവീഴ്ചയില്ലെന്നും പി ജയരാജൻ വ്യക്തമാക്കി.
ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ഈ തിരഞ്ഞെടുപ്പിൽ ചർച്ചയാവും. ഇവിടെ ഹിന്ദു ഏകീകരണത്തിനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത് മുസ്ലിം ഏകീകരണമാണ്. മതരാഷ്ട്രവാദം എല്ലാ അർത്ഥത്തിലും എതിർക്കപ്പെടേണ്ടത് എന്നാണ് എൽഡിഎഫ് നിലപാട്. നേരത്തെ ആരോടൊക്കെ സഹകരിച്ചു എന്നത് വിഷയമല്ല. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം മാറി. പാർട്ടിയുടെ ഓരോ ഘട്ടത്തിലെയും നിലപാട് അതാതുകാലത്തെ രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു.