Kerala
ഫീനിക്സ് പക്ഷി ഗാനത്തിന് പിന്നാലെ ‘ചങ്കിലെ ചെങ്കൊടി’ പങ്കുവെച്ച് ജയരാജൻ; സ്തുതിഗീതത്തിൽ പ്രതികരിച്ചില്ല
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ചുളള പാട്ടിനെ ട്രോളിയാണ് തന്റെ ഫേസ്ബുക്ക് പേജിൽ ‘ചങ്കിലെ ചെങ്കൊടി’ എന്ന വിപ്ലവ ഗാനം പങ്കുവെച്ചതെന്ന പ്രതികരണങ്ങളോട് മറുപടിയുമായി സിപിഐഎം നേതാവ് പി ജയരാജൻ.
ഇത്തരം വിശകലനങ്ങളിൽ എന്ത് കാര്യം?, കണ്ണൂർ ജില്ല സമ്മേളനം നടക്കുന്നുവെന്നത് യാഥാർത്ഥ്യമാണ്. താൻ പാട്ട് ഷെയർ ചെയ്തുവെന്നതും യാഥാർത്ഥ്യമാണ്. എന്നാൽ പിണറായി വിജയനെ സ്തുതിച്ചുളള പാട്ടിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും പി ജയരാജൻ വ്യക്തമാക്കി.
കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ പാട്ടാണ് പി ജയരാജൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. പിണറായി വിജയനെ പുകഴ്ത്തിയുളള ‘ചെമ്പടയ്ക്ക് കാവലാൾ ചെങ്കനൽ കണക്കൊരാൾ’ എന്ന പാട്ട് ചർച്ചയായ സമയത്താണ് ജയരാജൻ വിപ്ലവ ഗാനം ഷെയർ ചെയ്തത്. പി ജയരാജൻ പിണറായി വിജയനെ ട്രോളി എന്നും സ്തുതിഗീതം ഇഷ്ടമായില്ലെന്നും കമ്മന്റുകൾ ഉയർന്നിരുന്നു. എം സ്വരാജാണ് ചങ്കിലെ ചെങ്കൊടി എന്ന പാട്ട് പ്രകാശനം ചെയ്തത്. അനീഷ് തലോറയുടെ രചനയ്ക്ക് ജയകാർത്തിയാണ് സംഗീതം നൽകിയത്.