Politics

റെഡ് ആര്‍മിയുമായി യാതൊരു ബന്ധവുമില്ല, തന്റെ പേരിലാക്കാന്‍ ഗൂഢശ്രമം: തള്ളി പി ജയരാജന്‍

പാലക്കാട്: റെഡ് ആര്‍മിയെ തള്ളി മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍. റെഡ് ആര്‍മിയുമായി തനിക്ക് യാതൊരു ബന്ധവുമില്ല. റെഡ് ആര്‍മി തന്റെ പേരുമായി ബന്ധപ്പെടുത്താന്‍ ഗൂഢശ്രമം നടക്കുന്നു. വലതുപക്ഷ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്. അവരുടെ ലക്ഷ്യം പാര്‍ട്ടി സമ്മേളനം ആണെന്നും പി ജയരാജന്‍ പറഞ്ഞു.

‘പാര്‍ട്ടിയുടെ നവ മാധ്യമങ്ങളുമായാണ് തനിക്ക് ബന്ധം. സമ്മേളന കാലത്ത് പല വ്യാജ പ്രചാരണവും നടക്കുന്നുണ്ട്. പൊലീസുമായി ബന്ധപ്പെട്ട നിലവിലെ പ്രശ്‌നങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വ്യക്തമാക്കിയിട്ടുണ്ട്. അതാണ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലപാട്. വലതുപക്ഷ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു. അവരുടെ ലക്ഷ്യം പാര്‍ട്ടി സമ്മേളനമാണ്’, പി ജയരാജന്‍ പറഞ്ഞു.

പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ കഴിഞ്ഞദിവസം റെഡ് ആര്‍മി രംഗത്തെത്തിയിരുന്നു. ഇക്കാലമത്രയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികു പറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ശ്രമിച്ചയാളാണ് പി ശശിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ റെഡ് ആര്‍മി വിമര്‍ശിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് ഓശാന പാടിയ വര്‍ഗ്ഗവഞ്ചകരെ ഇനിയും ഒരു കാരണവശാലും ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയോ പാര്‍ട്ടിയില്‍ സ്ഥാനം നല്‍കുകയോ ചെയ്യരുതെന്നും റെഡ് ആര്‍ വിമര്‍ശിച്ചിരുന്നു. നേരത്തെ പിജെ ആര്‍മി എന്ന പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജാണ് പേര് മാറ്റി റെഡ് ആര്‍മിയാക്കിയത്.

റെഡ് ആർമിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം-

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ സഖാവ് പിവി അൻവർ അക്കമിട്ട് നിരത്തിയ ആരോപണങ്ങൾക്ക് മുഖ്യമന്ത്രിയും പാർട്ടിയും ഏറ്റവും ആർജ്ജവമുള്ള തീരുമാനം കൈക്കൊള്ളും എന്ന് തന്നെയാണ് എന്നെപോലെ ഏതൊരു ഇടതുപക്ഷ സഹായത്രികന്റെയും ഉറച്ച വിശ്വാസം..

ഈ കാലമത്രയും പൊളിറ്റിക്കൽ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തിൽ മുഖ്യമന്ത്രിയുടെ അരികുപറ്റി നടന്ന് പാർട്ടിയുടെ അടിവേര് പിഴുതെറിയാൻ ഇറങ്ങി തിരിച്ച ADGP അജിത് കുമാറിനെ പോലുള്ള പോലീസ് ക്രിമലുകൾക്കൊപ്പം ചേർന്ന് SFI DYFI സഖാക്കളെ പാർട്ടി സജീവ പ്രവർത്തനം നടത്തുന്ന പൊതുപ്രവർത്തകരെ തെരുവിലും പോലീസ് സ്റ്റേഷനുകളും പോലീസ് തല്ലി ചതക്കുന്നതിന് കള്ളകേസിൽ കുടുക്കി ജയിലിൽ അടക്കുന്നതിന് ഇതുവരെയും പോലീസിന് എല്ലാ സ്വാതന്ത്യവും അനുവദിച്ചു കൊടുത്ത….

സ്വർണ്ണകടത്തും കൊലപാതകം അടക്കം ADGP യുടെ നേതൃത്വത്തിൽ ചെയ്തു കൂട്ടിയ ക്രിമിനൽ ചെയ്തികൾക്ക് മൗനാനുവാദം നൽകിയ…പോലീസിലെ ക്രിമിലുകളായ ഉദ്യോഗസ്ഥരെ ജനങ്ങളുടെ മേൽ ആകാരണമായി കുതിരകേറാൻ നിരുപാധികം അഴിച്ചുവിട്ടുകൊണ്ട് ഈ സർക്കാരിനെയും പാർട്ടിയെയും പൊതുജനങ്ങൾക്ക് മുന്നിൽ അങ്ങേയറ്റം അവഹേളിക്കുന്ന സാഹചര്യങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് ഓശനപാടിയ ഇതുപോലുള്ള വർഗ്ഗവഞ്ചകരെ ഇനിയും ഒരു കാരണവശാലും ആ സ്ഥാനത്ത് തുടരാൻ അല്ലെങ്കിൽ പാർട്ടിയിൽ തന്നെ വെച്ചു പൊറുപ്പിക്കരുത്…

ഒരുപാട് കർഷകരുടെ പോരാട്ടത്തിന്റെ വിയർപ്പിന്റെ ഗന്ധമാണ് ഈ പാർടി…പ്രതിരോധത്തിന്റെ പോർനിലങ്ങളിൽ മരണത്തെ ഭയക്കാതെ രക്ത സാക്ഷിത്വത്തിലേക്ക് നടന്നു കയറിയ ഒരുപാട് ധീര രക്തസാക്ഷികളുടെ ചോരകൊണ്ട് തുടുത്തതാണ് ഈ പാർട്ടി..ഒരുപാട് പ്രവർത്തകരുടെ സഹനവും ത്യാഗവും ജീവനും ജീവിതവും പ്രതീക്ഷയുമാണ് ഈ പാർട്ടി…ഇന്നും ജീവിക്കുന്ന എത്രയോ രക്തസാക്ഷികളുടേതാണ് ഈ പാർട്ടി..അവരുടെ നെഞ്ചിൽ ചവിട്ടിനിന്ന് സ്വാർത്ഥ താല്പര്യത്തിനുവേണ്ടി അതിന് കളങ്കമേൽപ്പിക്കുന്ന പ്രവൃത്തി ആരിൽനിന്ന് ഉണ്ടായാലും അത് വെച്ചു പൊറുപ്പിക്കരുത്.

സമ്മേളങ്ങൾ ചർച്ച ചെയ്യേണ്ടത് ഇതുപോലുള്ള പുഴുക്കുത്തുകളെ തുറന്നു കാട്ടുകയാണ് വേണ്ടത്.. അതുപോലെ തുടർച്ചയായ അധികാരത്തിന്റെ സുഖലോലുപതയിൽ പാർട്ടി ജനങ്ങളിൽനിന്ന് വ്യതിചലിച്ചുപോയോ അതിന് എന്തൊക്കെ ചെയ്യാൻ പറ്റും എന്നുകൂടെ പരിശോധിക്കേണ്ടതുണ്ട്..തിരുത്തേണ്ടവ തിരുത്തി മുന്നേറണം പാർട്ടി മെമ്പർഷിപ് പോലും ഇല്ലാത്ത വെറും അനുഭാവിയായ സഖാവ് പി വി അൻവർ ഒരു വിപ്ലവ മാതൃകയാണ്..ബ്രാഞ്ച് സമ്മേളങ്ങളിൽ ചർച്ച ചെയ്യപ്പെടേണ്ടതും പ്രാദേശികമായ പാർട്ടിക്ക് മുന്നോട്ടുള്ള പ്രയാണത്തിൽ ദോഷം വരുത്തുന്ന ശശിമാരെക്കുറിച്ചാണ്…

ഈ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലെ തോൽവി വരാനിരിക്കുന്ന വിപത്തിന്റെ ആശരീരിയാണ്…എതിരാളികൾക്ക് വോട്ട് കൂടിയത് അവരുടെ മേന്മ കൊണ്ടല്ല നമ്മുടെ രാക്ഷ്ട്രീയത്തിന്റെ ഇപ്പോഴുള്ള പോക്കിലെ നമ്മുടെതന്നെ പ്രതിഷേധമാണ്.. അതൊരു സൂചനയാണ്..അകന്നുപോവുന്ന കണ്ണികൾ നമ്മളിലേക്ക് ഒന്നുടെചേർത്തു നിർത്തണം വാക്കിലും നോക്കിലും രൂപവും ഭാവവും മാറണം മനുഷ്യത്വപരമായ ഇടപെടലുകൾ കൂടുതൽ ശ്രദ്ധിക്കണം..വിമർശനങ്ങൾ ആരോഗ്യപരമായി ഉൾക്കൊള്ളണം വീഴ്ചകൾ തെറ്റുകൾ തിരുത്തി നമുക്ക് മുന്നോട്ട് പോയെ പറ്റൂ… ലാൽസലാം..

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top