Kerala

സിപിഎം ആര്‍എസ്എസ് സൗഹൃദം അന്വേഷണങ്ങളെ അട്ടിമറിക്കുന്നു; കടുപ്പിച്ച് സതീശന്‍

Posted on

കൊച്ചി : മകളുടെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഉയര്‍ന്ന ഞെട്ടിക്കുന്ന ആരോപണത്തില്‍ മുഖമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മകളുടേയും മുഖ്യമന്ത്രിയുമായി ബന്ധമുള്ള മറ്റൊരാളുടേയും അബുദാബിയിലെ ജോയിന്റ് അക്കൗണ്ടിലേക്ക് പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ്, എസ്എന്‍സി ലാവലിന്‍ ഉള്‍പ്പെടെയുള്ള കമ്പനികളില്‍ നിന്നും പണം വന്നെന്നതാണ് ആരോപണം. ഇങ്ങനെയൊരു അക്കൗണ്ട് ഉണ്ടോയെന്നും കമ്പനികളില്‍ നിന്നും പണം വന്നിട്ടുണ്ടോയെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം.

മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ മകളുടെയും അദ്ദേഹവുമായി ബന്ധപ്പെട്ട ആളുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ കാര്യമാണ്. ആരോപണം തെറ്റാണെങ്കില്‍ ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണം. ആരോപണം വന്നാല്‍ മൗനത്തിന്റെ മാളത്തില്‍ ഒളിക്കുകയെന്നതാണ് മുഖ്യമന്ത്രിയുടെ പതിവ് രീതി. ഇക്കാര്യത്തിലും അങ്ങനെ ചെയ്താല്‍ ആരോപണം ശരിയാണെന്ന് വരും. ഈ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറയണം. മുഖ്യമന്ത്രി നിഷേധിച്ചാല്‍ ഇതേക്കുറിച്ചുള്ള ബാക്കി വിവരങ്ങള്‍ പറയാമെന്നും സതീശന്‍ വെല്ലുവിളിച്ചു.

എസ്എഫ്‌ഐഒയുടെയും ഇഡിയുടെയും അന്വേഷണം ഒരു കേസിലും എങ്ങുമെത്തിയില്ല. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കരുവന്നൂരില്‍ സിപിഎമ്മുകാരെ ഇപ്പോള്‍ പിടിക്കുമെന്ന് തോന്നലുണ്ടാക്കി. എന്നിട്ട് ഒന്നും നടന്നില്ല. ബിജെപി ഇഡിയെ ഉപയോഗിച്ച് തൃശൂരിലെ സിപിഎം നേതാക്കളെ വിരട്ടി നിര്‍ത്തുകയായിരുന്നു. കേരളത്തില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ സ്നേഹത്തിലാണ്. അവിശുദ്ധമായൊരു ബാന്ധവം സംഘപരിവാറും കേരളത്തിലെ സിപിഎമ്മും തമ്മിലുണ്ട്. കൃത്യമായ അന്വേഷണം നടത്തിയില്ലെങ്കില്‍ പ്രതിപക്ഷം നിയമനടപടികള്‍ തേടുമെന്നും സതീശന്‍ മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version